‘വീട്ടുകാർ ഉപദ്രവിക്കുന്നു; ആരെങ്കിലും എന്നെ രക്ഷിക്കൂ’; പൊട്ടിക്കരഞ്ഞു കൊണ്ട് വീഡിയോ പങ്കുവച്ച് നടി തനുശ്രീ ദത്ത..

വീട്ടുകാരിൽ നിന്ന് കടുത്ത പീഡനമാണ് നേരിടേണ്ടി വരുന്നത് എന്ന് വെളിപ്പെടുത്തി നടി തനുശ്രീ ദത്ത. ഇതിൽ നിന്ന് തന്നെ ആരെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് നടി ഇൻസ്റ്റഗ്രാം വീഡിയോ പോസ്റ്റ് ചെയ്തത്. തനുശ്രീയുടെ പൊട്ടിക്കരഞ്ഞു കൊണ്ടുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
2018ൽ മീ ടു ആരോപണവുമായി നടി രംഗത്തെത്തിയിരുന്നു. സിനിമ ചിത്രീകരണത്തിനിടെ നടൻ ‘നാനാ പടേക്കർ’ തന്നോട് മോശമായി പെരുമാറി എന്ന് നടി വെളിപ്പെടുത്തിയിരുന്നു. നടനു പുറമേ മറ്റു ചിലർക്കെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടുകാർ ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയത്. ആരെങ്കിലും രക്ഷിച്ചില്ലെങ്കിൽ ജീവനുവരെ ആപത്തുണ്ടാകുമെന്നും നടി വീഡിയോയിൽ പറയുന്നുണ്ട്.
തന്റെ വീട്ടിൽ ജോലിക്കാരെ വയ്ക്കാൻ പോലും വീട്ടുകാർ സമ്മതിക്കുന്നില്ല. വീട് മൊത്തം അലങ്കോലമായി കിടക്കുകയാണ്. വീട്ടുകാർ ഏർപ്പെടുത്തിയ ജോലിക്കാരാണ് ഇപ്പോൾ നിലവിലുള്ളത്. അവർ തന്റെ സാധനങ്ങൾ മോഷ്ടിക്കുകയാണ്. കിടപ്പുമുറിയുടെ വാതിലിൽ വന്ന് ആളുകൾ മുട്ടുന്നു. പോലീസിൽ വിവരമറിയിച്ചിരുന്നു, അവർ വീട്ടിൽ എത്തുകയും പിന്നീട് രേഖാമൂലം പരാതി നൽകാനാണ് ആവശ്യപ്പെട്ടതെന്നും നടി പറഞ്ഞു. വീട്ടുകാർ മാത്രമല്ല, മീ ടു ആരോപണത്തിനു ശേഷം സിനിമ മേഖലയിൽ നിന്നും രാഷ്ട്രീയമായും തനിക്ക് മാനസിക പീഡനങ്ങളും വധശ്രമവും ഉണ്ടായതായും നടി തുറന്നു പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here