അമേരിക്കന്‍ കമ്പനി ഇന്ത്യന്‍ നിയമങ്ങളെ അവഹേളിക്കുന്നു; ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ പ്രതികരിച്ച് അദാനി ഗ്രൂപ്പ്

ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും അദാനി ഗ്രൂപ്പുമായി വാണിജ്യ ബന്ധമില്ലെന്നാണ് കമ്പനിയുടെ ആദ്യ പ്രതികരണം. കമ്പനിയെ അപകീർത്തിപ്പെടുത്താൻ അമേരിക്കൻ കമ്പനി ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നു. വസ്‌തുതാ വിരുദ്ധമായി വ്യക്തിഗത ലാഭത്തിനായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള നിഗമനങ്ങളാണ് പുതിയ റിപ്പോർട്ടിലുള്ളതെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഹിൻഡൻബർഗിൻ്റെ ആരോപണങ്ങൾ സമഗ്രമായ അന്വേഷണങ്ങൾക്ക് ശേഷം അടിസ്ഥാനരഹിതമാണെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതാണ്. അമേരിക്കൻ കമ്പനിയുടെ 2024 ജനുവരിയിലെ അപകീർത്തികരമായ അവകാശവാദങ്ങൾ കോടതി തള്ളിയതാണ്. പുതിയ ആരോപണങ്ങൾ ഇന്ത്യൻ നിയമങ്ങളെ പൂർണ്ണമായും അവഹേളിക്കുന്നതാണെന്നും അദാനി ഗൂപ്പ് ആരോപിച്ചു.
അതേസമയം, ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ വെളിപ്പെടുത്തലിൽ പാർലമെന്റ് സംയുക്ത സമിതി (ജെപിസി) അന്വേഷണം വേണമെന്ന് പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് കമ്പനികളിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം ഹിൻഡൻബർഗ് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ ബെർമുഡയിലും മൗറീഷ്യസിലും പ്രവർത്തിക്കുന്ന കമ്പനികളിൽ സെബി മേധാവിക്കും ഭര്‍ത്താവിനും ഓഹരിയുണ്ട്. അതുകൊണ്ട് 2023 ജനുവരി 24ന് ഉന്നയിച്ച ആരോപണങ്ങളിൽ നടപടി എടുക്കാന്‍ സെബി തയ്യാറായില്ലെന്നാണ് ഹിൻഡൻബർഗിന്‍റെ പുതിയ ആരോപണം.
സെബിയുടെ മേധാവിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ വനിതയുമാണ് മാധബി പുരി ബുച്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ പണമിടപാടുകൾ തുറന്ന പുസ്തകമാണെന്നുമാണ് മാധബിയും ഭർത്താവും പ്രതികരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here