കുറ്റമേറ്റെടുത്ത് എഡിജിപി; ശബരിമല ട്രാക്ടർ യാത്ര ഡിജിപിയോട് സമ്മതിച്ചു; മനഃപൂർവം ഹൈക്കോടതിയെ ധിക്കരിച്ചത് അല്ലെന്നും അജിത് കുമാർ

ശബരിമല സന്നിധാനത്തേക്ക് പോലീസ് ട്രാക്ടറിൽ യാത്ര ചെയ്തെന്ന ആരോപണത്തിൽ ഡിജിപിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി എഡിജിപി. മാധ്യമ വാർത്തകളുടെയും ഹൈക്കോടതി ഇടപെടലിൻ്റെയും അടിസ്ഥാനത്തിൽ രവാഡ ചന്ദ്രശേഖർ വിവരം തേടിയപ്പോഴാണ് എഡിജിപി സാഹചര്യം വിശദീകരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച താൻ സന്നിധാനത്തേക്ക് കയറിയത് രാത്രി ഒമ്പതിന് ശേഷം ആയിരുന്നു. പിറ്റേന്ന് ഞായറാഴ്ച തിരിച്ച് ഇറങ്ങിയത് ഉച്ചയോടെ ആയിരുന്നു. ഈ രണ്ടു സമയത്തും ഭക്തർ അധികമാരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സുരക്ഷയുടെ പ്രശ്നം ഉണ്ടായിരുന്നില്ല എന്നാണ് വിലയിരുത്തിയത്.
കൂടുതൽ നടന്നാലോ, കയറ്റം കയറിയാലോ തനിക്ക് കാൽമുട്ടിന് വേദന ഉണ്ടാകുന്ന പ്രശ്നം മുമ്പേയുണ്ട്. അതിനാലാണ് ട്രാക്ടർ ഉപയോഗിക്കാൻ തീരുമാനിച്ചത്. അത് ഹൈക്കോടതി നിർദേശത്തിൻ്റെ ലംഘനമായി എന്ന് മനസിലാകുന്നു. എന്നാൽ മനഃപൂർവം അത് ലംഘിക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല… എന്നിങ്ങനെയാണ് അജിത് കുമാർ ഡിജിപിയെ ബോധിപ്പിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ എഡിജിപി ഉന്നയിച്ച ന്യായീകരണങ്ങൾ നിലനിൽക്കുന്നതല്ല എന്നാണ് പോലീസ് മേധാവിയുടെ നിലപാട്. അതുകൊണ്ട് ആവർത്തിക്കരുത് എന്ന് കർശന താക്കീത് നൽകി. സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ആണ് സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖർ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here