പൂരം കലക്കല്‍, ശബരിമല ട്രാക്ടര്‍ യാത്ര, വകതിരിവില്ലെന്ന മന്ത്രിയുടെ വിമര്‍ശനം; വിശ്വസ്തനെ പിണറായി ഇനിയും എങ്ങനെ സംരക്ഷിക്കും

വിവാദങ്ങളും ആരോപണങ്ങളും നിരവധി ഉയര്‍ന്നിട്ടും എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി പേരിനൊരു നടപടി മാത്രമാണ് ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിട്ടുള്ളു. അത്രമാത്രം മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട അതിവിശ്വസ്തനായ ഉദ്യോഗസ്ഥനാണ് അജിത്കുമാര്‍. പേരിനെങ്കിലും ഒരു നടപടിക്കായി സിപിഐ എകെജി സെന്ററില്‍ കയറി ഇറങ്ങി നടന്നതും രാഷ്ട്രീയ കേരളം കണ്ടതാണ്. എന്നാല്‍ ആ നില മാറുകയാണ്.

തൃശൂര്‍ പൂരം അലങ്കോലമായതില്‍ അജിത്കുമാറിന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. ഗുരുതര വീഴ്ചയാണ് ഉണ്ടായത്. വലിയ പ്രതിസന്ധിയും സംഘര്‍ഷവും ഉണ്ടായിട്ടും സ്ഥലത്ത് ഉണ്ടായിരുന്ന എഡിജിപി ഇടപെട്ടില്ല. മന്ത്രിമാര്‍ ഉള്‍പ്പെടെ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഇതെല്ലാം വലിയ വീഴ്ചയാണെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്. മുന്‍ ഡിജിപി ദര്‍വേഷ് സാഹിബ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ.

ALSO READ : തുടരെ വിവാദങ്ങളിൽ ചാടുന്ന എഡിജിപി അജിത് കുമാറിന് വിശിഷ്ടസേവാ മെഡൽ നൽകണമെന്ന് ഡിജിപി; ശുപാർശ അയക്കുന്നത് ആറാംവട്ടം

ഇതിനിടെയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ട്രാക്ടറില്‍ ശബരിമല കയറിയെന്ന വിവാദവും ഉണ്ടായിരിക്കുന്നത്. അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്രയെ ദൗര്‍ഭാഗ്യകരം എന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ചട്ടം അറിയാവുന്ന ഉദ്യോഗസ്ഥന്‍ മനപൂര്‍വം അത് ലംഘിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്‌നം കൊണ്ടാണ് ട്രാക്ടര്‍ ഉപയോഗിച്ചതെന്ന അജിത്കുമാറിന്റെ വിശദീകരണവും കോടതി തള്ളി. ആരോഗ്യ പ്രശ്‌നം ഉണ്ടെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കാമല്ലോ എന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചത്.

ALSO READ : എംആർ അജിത് കുമാറിനെതിരെ ആഞ്ഞടിച്ച് സിപിഐ; ഡിജിപി ആകില്ല; അടൂർ പ്രകാശിന്റെ ക്ഷണത്തിൽ ചിരി വരുന്നു

ആദ്യം മുതല്‍ അജിത്കുമാറിന് എതിരെ നിലപാട് എടുത്തിരുന്ന സിപിഐ ഇതോടെ വിമര്‍ശനം കടുപ്പിച്ചു. വകതിരിവ് എന്നൊരു കാര്യമുണ്ടെന്നും അത് ട്യൂഷന്‍ സെന്ററില്‍ പോയാല്‍ പഠിക്കാന്‍ കഴിയില്ലെന്നും മന്ത്രി കെ രാജന്‍ തുറന്നടിച്ചു. ഇതോടെ അജിത്കുമാറിന് എതിരെ മുഖ്യമന്ത്രി എന്തു നടപടിയെടുക്കും എന്നതില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് പോയികണ്ടത് അടക്കമുള്ള വിവാദങ്ങളെ നിസാരമായി കണ്ട മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയേയും അങ്ങനെ കാണുമോ എന്നാണ് ഇനി അറിയേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top