എംആര്‍ അജിത്കുമാറിന് പണി ഉറപ്പ്; അച്ചടക്ക നടപടിക്ക് രണ്ട് ശുപാര്‍ശകള്‍; ഇനി തീരുമാനം മുഖ്യമന്ത്രിയുടേത്

എഡിജിപി എംആര്‍ അജിത് കുമാറിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന്റെ ശുപാര്‍ശ. ശബരിമല ട്രാക്ടര്‍ യാത്രയുടെ പേരിലാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിട്ട വിവാദ യാത്രയില്‍ അജിത് കുമാര്‍ വിശദീകരണം നല്‍കിയിരുന്നു. ശരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാലാണ് ട്രാക്ടറില്‍ കയറിയതെന്നാണ് എഡിജിയുടെ വിശദീകരണം നല്‍കിയിത്. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
ALSO READ : പൂരം കലക്കല്‍, ശബരിമല ട്രാക്ടര്‍ യാത്ര, വകതിരിവില്ലെന്ന മന്ത്രിയുടെ വിമര്‍ശനം; വിശ്വസ്തനെ പിണറായി ഇനിയും എങ്ങനെ സംരക്ഷിക്കും
തൃശൂര്‍ പൂരം അലങ്കോലമായതിലും അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിന് മുന്നിലുണ്ട്. ആഭ്യന്തര സെക്രട്ടറിയാണ് എഡിജിപിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായി ചൂണ്ടികാട്ടി ശുപാര്‍ശ ചെയ്തത്. വലിയ പ്രതിസന്ധിയും സംഘര്‍ഷവും ഉണ്ടായിട്ടും സ്ഥലത്ത് ഉണ്ടായിരുന്ന എഡിജിപി ഇടപെട്ടില്ല. മന്ത്രിമാര്‍ ഉള്‍പ്പെടെ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഇതെല്ലാം വലിയ വീഴ്ചയാണെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. മുന്‍ ഡിജിപി ദര്‍വേഷ് സാഹിബ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ.
ഈ രണ്ട് ശുപാര്‍ശകളിലും ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നിരവധി വിവാദങ്ങളും ആരോപണങ്ങളും നിരവധി ഉയര്‍ന്നിട്ടും എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി പേരിനൊരു നടപടി മാത്രമാണ് ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിട്ടുള്ളു. തന്റെ അതിവിശ്വസ്തനെ മുഖ്യമന്ത്രി കൈവിടുമോ എന്നാണ് ഇനി അറിയേണ്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here