ആര്‍എസ്എസ് നേതാക്കളുമായി എഡിജിപിയുടെ രഹസ്യ കൂടിക്കാഴ്ചക്ക് ഒത്താശ; വിസിമാരുടെ പരസ്യ പങ്കെടുക്കലിന് വിമര്‍ശനം; സിപിഎമ്മിൻ്റെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണിത്?

സംസ്ഥാനത്തെ നാല് സര്‍വകലാശാലകളിലെ വിസിമാര്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ജ്ഞാനസഭയില്‍ പങ്കെടുത്തതിനെതിരെ മന്ത്രിമാരും സിപിഎം നേതാക്കളും വിമര്‍ശനവുമായി രംഗത്തുണ്ട്. ഇതേ സര്‍ക്കാരിന്റെ കീഴില്‍ ക്രമസമാധാന ചുമതല ഉണ്ടായിരുന്ന എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ രഹസ്യമായി പോയി കണ്ടതിനെ എതിര്‍ക്കാനോ അപലപിക്കാനോ സിപിഎമ്മോ സര്‍ക്കാരോ ഇതുവരെ തയ്യാറായിട്ടില്ല. വിസിമാര്‍ പരസ്യമായും എഡിജിപി രഹസ്യമായും പങ്കെടുത്ത പരിപാടികളോടുള്ള പാര്‍ട്ടിയുടേയും ഭരണകൂടത്തിന്റേയും ഇരട്ടത്താപ്പാണ് പുറത്തു വരുന്നത്.

കൊച്ചിയില്‍ ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജ്ഞാനസഭയില്‍ കേരള, കാലിക്കറ്റ്, കണ്ണൂര്‍, ഫിഷറീസ് സര്‍വകലാശാല
(കുഫോസ് ) എന്നിവിടങ്ങളിലെ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തിരുന്നു. സിപിഎമ്മിന്റെ സ്വന്തക്കാരനെന്ന് വിശേഷിക്കപ്പെടുന്ന ആളാണ് കുഫോസ് വിസി ഡോ എ ബിജുകുമാര്‍. ഇദ്ദേഹത്തിന്റെ സാന്നിധ്യമാണ് സര്‍ക്കാരിനേയും സിപിഎമ്മിനേയും നാണക്കേടിലാക്കിയത്. സര്‍വകലാശാലകള്‍ കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിസിമാര്‍ ആര്‍എസ്എസ് സമ്മേളനത്തില്‍ പങ്കെടുത്തത് ഉചിതമായില്ലെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞത്. സമാനമായ അഭിപ്രായം വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും പ്രകടിപ്പിച്ചിരുന്നു.

ALSO READ : ഒരു സിപിഎം വിസി കൂടി സംഘിയായി; സ്ഥാനം മുഖ്യം എന്ന് പറഞ്ഞ് ഗവര്‍ണറുടെ പാളയത്തിലേക്ക് ചേക്കേറി കുഫോസ് വിസി

2023 മെയ് 22ന് ക്രമസമാധാന ചുമതല വഹിച്ചിരുന്ന എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബല്ലയെ ആര്‍എസ്എസ് സമ്പര്‍ക് പ്രമുഖ് ജയകുമാറിനൊപ്പം സ്വകാര്യകാറിലെത്തി തൃശൂരിലെ ഹോട്ടലില്‍ സന്ദര്‍ശിച്ച വിവരം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് പുറത്തു കൊണ്ടുവന്നത്. എഡിജിപിയുടെ രഹസ്യ സന്ദര്‍ശനത്തെ പാര്‍ട്ടിയോ സര്‍ക്കാരോ നാളിതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം എഡിജിപിയുടെ രഹസ്യ സന്ദര്‍ശനം അനുചിതമാണെന്ന് വ്യക്തമാക്കിയിരുന്നു.

‘ആര്‍എസ്എസ് രാജ്യത്തെ പ്രധാനസംഘടനയാണ്. ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു ആര്‍എസ്എസ് നേതാവിനെ കണ്ടു. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ല.അപാകതകളില്ല’ ഇതായിരുന്നു നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നാരും എഡിജിപിയെ പിന്തുണയ്ക്കാനോ തള്ളിപ്പറയാനോ തയ്യാറായില്ല.

എഡിജിപി അജിത്കുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടിയാണ് ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു. ഇക്കാര്യവും ആഭ്യന്തരവകുപ്പ് ഇതുവരെ നിഷേധിച്ചിട്ടില്ല. നിഷേധിച്ചാല്‍ ബാക്കി തെളിവ് പുറത്തുവിടുമെന്നും സതീശന്‍ പറഞ്ഞിരുന്നു. രഹസ്യകൂടിക്കാഴ്ചക്ക് എതിരെ നടപടി എടുക്കാന്‍ ധൈര്യം കാണിക്കാത്തവര്‍ എന്തിനാണ് പരസ്യമായി ചാന്‍സലറായ ഗവര്‍ണര്‍ക്കൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്തതിനെ എതിര്‍ക്കുന്നുവെന്നാണ് ചോദ്യം. കോവളത്ത് ആര്‍എസ്എസ് നേതാവ് റാം മാധവുമായും എഡിജിപി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയ വിവരവും പ്രതിപക്ഷ നേതാവ് പുറത്തു വിട്ടിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എഡിജിപി എംആര്‍ അജിത്കുമാര്‍ പൂരം കലക്കിയെന്ന് മുന്‍ ഇടത് എംഎല്‍എ പിവി അന്‍വര്‍ ആരോപിച്ചിരുന്നു. ആ ആരോപണങ്ങളിലൊന്നും വേണ്ടത്ര ഗൗരവം കാണിക്കാതിരുന്ന സര്‍ക്കാരും സിപിഎമ്മും കാവി വല്‍ക്കരണമെന്ന മുട്ടാപ്പോക്ക് ന്യായം പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥത എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം.

വിസിമാര്‍ ജ്ഞാനസഭയില്‍ പങ്കെടുത്തതിനെതിരെ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അജിത്കുമാറിന്റെ രഹസ്യ കുടിക്കാഴ്ചയില്‍ യാതൊരു എതിര്‍പ്പും പാര്‍ട്ടി സെക്രട്ടറി പ്രകടിപ്പിച്ചതുമില്ല,

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top