‘പൊലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കും’; മടങ്ങിയ തീർത്ഥാടകരെ തിരികെ വിളിച്ച് എഡിജിപി

ശബരിമലയിൽ കനത്ത തിരക്ക് കാരണം ദർശനം നടത്താതെ മടങ്ങിപ്പോയ തീർത്ഥാടകരെ പൊലീസ് കോഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത് തിരികെ വിളിച്ചുവരുത്തി. അവർക്ക് പൊലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കുകയും ചെയ്തു. പാരിപ്പള്ളിയിൽ നിന്നെത്തിയ തീർത്ഥാടക സംഘത്തിനാണ് എഡിജിപി സഹായം ചെയ്തത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 17 പേർ അടങ്ങിയ ഈ സംഘം ഇന്നലെ ഉച്ചയോടെയാണ് പമ്പയിൽ എത്തിയത്. മരക്കൂട്ടം വരെ എത്തിയെങ്കിലും തിരക്ക് കാരണം ഇവർക്ക് മുന്നോട്ട് പോകാൻ സാധിച്ചില്ല. ദർശനം ലഭിക്കാതെ നിരാശരായി ഇവർ തിരികെ പോവുകയായിരുന്നു. ആദ്യമായി മാലയിട്ട് മല ചവിട്ടിയ കുട്ടിയും ഈ സംഘത്തിൽ ഉണ്ടായിരുന്നു.
ഇക്കാര്യം അറിഞ്ഞ എഡിജിപി ഇന്ന് രാവിലെ ഇവരെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങരുത് എന്നാണ് പൊലീസിന്റെ നിലപാടെന്ന് അദ്ദേഹം ഉറപ്പ് നൽകി. ആവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് തീർത്ഥാടക സംഘം തിരികെ ശബരിമലയിലേക്ക് പുറപ്പെട്ടു. ഏത് സാഹചര്യത്തിലും പൊലീസിന്റെ സഹായം തേടാമെന്നും അദ്ദേഹം ഭക്തരെ അറിയിച്ചു.
തിരക്ക് കാരണം തമിഴ്‌നാട്ടിൽ നിന്നടക്കമുള്ള മറ്റ് ഭക്തരും ദർശനം നടത്താതെ നിരാശരായി മടങ്ങിപ്പോയിരുന്നു. വിർച്വൽ ക്യൂവിൽ ബുക്ക് ചെയ്‌തെത്തിയവർക്ക് പോലും പമ്പ വരെ എത്തിയിട്ടും ദർശനം സാധ്യമായില്ലെന്ന് അവർ പരാതിപ്പെട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here