മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; അടിമാലി മണ്ണിടിച്ചിലിൽ യുവാവിന് ദാരുണാന്ത്യം

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ദമ്പതിമാരിൽ ഒരാൾക്ക് ദാരുണാന്ത്യം. വീട് തകർന്ന് സിമൻ്റ് സ്ലാബുകൾക്കടിയിൽപ്പെട്ട ബിജുവാണ് മരിച്ചത്. ബിജുവിൻ്റെ ഭാര്യ സന്ധ്യയെ ഗുരുതരമായ പരിക്കുകളോടെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കൂമ്പാറയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ ദമ്പതിമാരെ അഞ്ച് മണിക്കൂറിലധികം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്.
അർധരാത്രിയോടെയാണ് പ്രദേശം ഇളകി വീട് പൂർണ്ണമായും മണ്ണിനടിയിൽപ്പെട്ടത്. സംഭവം നടന്നയുടൻ തന്നെ നാട്ടുകാരും പോലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനത്തിനായി എത്തി. വീട് തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിപ്പോയ ദമ്പതിമാരുടെ ശബ്ദം ആദ്യം കേൾക്കാൻ കഴിഞ്ഞത് രക്ഷാപ്രവർത്തകർക്ക് ആശ്വാസമായി.
Also Read : 75കാരൻ വിവാഹം ചെയ്തത് 35കാരിയെ; പിറ്റേന്ന് വരന് ദാരുണാന്ത്യം
കോൺക്രീറ്റ് പാളികൾ ജാക്കി വെച്ച് ഉയർത്തിയാണ് ദമ്പതിമാരെ പുറത്തെത്തിക്കാൻ ശ്രമിച്ചത്. പരിശ്രമത്തിനൊടുവിൽ ആദ്യം പുറത്തെത്തിക്കാനായത് സന്ധ്യയെയാണ്. കാലിന് ഗുരുതരമായ പരിക്കേറ്റ സന്ധ്യയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടെങ്കിലും, വിളിച്ചാൽ പ്രതികരിക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ ബിജുവിനെ പുറത്തെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞയുടൻ മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here