ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; പതിനഞ്ചുകാരനോട് പക വീട്ടിയത് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

കാട്ടാക്കട ആദിശേഖര്‍ വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ കാറിടിപ്പിച്ച് കൊന്ന കേസിലാണ്
പ്രതിയായ പ്രിയരഞ്ജന്‍ കുറ്റക്കാരനെന്ന് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കുട്ടിയോടുള്ള മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ തുക കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് നല്‍കണം
2023 ഓഗസ്റ്റ് 30നാണ് അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ കൊല്ലപ്പെടുന്നത്. ക്ഷേത്ര മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തി നിന്നത്. ഇടറോഡില്‍ നിന്നും പ്രധാന റോഡിലേക്ക് സൈക്കിളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചു പോവുകയും ചെയ്തു.
വാഹനാപകടം എന്ന നിലയിലാണ് ആദ്യം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. എന്നാല്‍ കുട്ടിയുടെ ബന്ധുക്കള്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. റോഡില്‍ കാത്ത് നിന്ന് കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ ശേഷം വിദേശത്തായിരുന്ന ഭാര്യയെ നാട്ടിലേക്ക് വിളിച്ചു വരുത്തി പ്രതി ഒളിവില്‍ പോവുകയായിരുന്നു. കന്യാകുമാരി കുഴിത്തുറയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഫോണില്‍ സംസാരിച്ചുകൊണ്ട് കാര്‍ മുന്നോട്ടെടുത്തപ്പോള്‍ അപകടമുണ്ടായതാണെന്നും പുതിയ കാര്‍ ആയതിനാല്‍ ഓടിക്കുന്നതില്‍ പരിചയക്കുറവ് ഉണ്ടായിരുന്നതായും പ്രതി കോടതിയില്‍ വാദിച്ചു. എന്നാല്‍ കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here