കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന കൊടും ക്രൂരതക്ക് ജീവപര്യന്തം; വിചാരണ കോടതിയുടെ വിധി തിരുത്തി ഹൈക്കോടതി

അഞ്ച് വയസ്സുകാരി അതിഥി നമ്പൂതിരി ക്രൂരമായ മർദ്ദനമേറ്റ് മരിച്ച കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്. കേരള ഹൈക്കോടതിയാണ് നിർണായക വിധി പുറപ്പെടുവിച്ചത്. വിചാരണ കോടതിയുടെ വിധി തിരുത്തിയാണ് ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ. വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം ഇരുവരും കൊലക്കുറ്റം ചെയ്തുവെന്ന് ഹൈക്കോടതി കണ്ടെത്തി. ജീവപര്യന്തം തടവിന് പുറമെ, രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും കോടതി നിർദ്ദേശിച്ചു.

കോഴിക്കോട് ബിലാത്തിക്കുളത്ത് 2013 ഏപ്രിൽ 29-നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അതിഥി നമ്പൂതിരി അച്ഛനും രണ്ടാനമ്മയും ചേർന്ന് ക്രൂരമായ ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കിയതിനെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു. കുട്ടിയെ വടികൊണ്ട് അടിക്കുകയും ചവിട്ടുകയും വേണ്ടത്ര ഭക്ഷണം നൽകാതിരിക്കുകയും ചെയ്തിരുന്നു. കുട്ടി ദിവസങ്ങളോളം പട്ടിണി കിടന്നു. കൂടാതെ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ തിളച്ച വെള്ളം ഒഴിച്ചതായും പ്രോസിക്യൂഷൻ കണ്ടെത്തി. തുടർച്ചയായ പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചത്.

Also Read : ഭര്‍ത്താവിനെ തല്ലിക്കൊന്ന് റോഡില്‍ കൊണ്ടിട്ട റോസമ്മ; ശിക്ഷ ജീവപര്യന്തം

അതിഥിയുടെ സഹോദരൻ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ കേസിൽ നിർണായകമായി. 2016-ൽ വിചാരണ കോടതി ഇരു പ്രതികളെയും കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കുകയും കുറഞ്ഞ ശിക്ഷ നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. പ്രതികൾക്ക് കൊലപാതക ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും കുട്ടിയെ അച്ചടക്കം പഠിപ്പിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള വിചാരണ കോടതിയുടെ കണ്ടെത്തൽ നിലനിൽക്കാത്തതും നിയമപരമായ പിശകുകളുള്ളതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

തെളിവുകളുടെ അടിസ്ഥാനത്തിൽ, കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത് പ്രതികളുടെ കൂട്ടായുള്ളതും ആസൂത്രിതവുമായ പീഡനമാണെന്ന് ഹൈക്കോടതി സ്ഥാപിക്കുകയും, വിചാരണ കോടതിയുടെ വിധി നീതി നിഷേധത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്ത ശേഷമാണ് പ്രതികൾക്ക് ജീവപര്യന്തം വിധിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top