സതീശനെ വെട്ടി കടിഞ്ഞാണ്‍ പിടിക്കാന്‍ അടൂര്‍ പ്രകാശ് രംഗത്ത്; വെള്ളാപ്പള്ളിയിലും പ്രതീക്ഷ; പുതിയ ശാക്തികചേരി ഉടലെടുക്കുന്നു

കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ നീക്കവുമായി അടൂര്‍ പ്രകാശ്. രാഹുല്‍ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അപവാദം അടക്കം ഇപ്പോഴുയർന്നിട്ടുള്ള വിഷയങ്ങളെ ഉപയോഗിച്ച് തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രകാശ്. വെറും എം.പി. മാത്രമായിരുന്ന അദ്ദേഹം യു.ഡി.എഫ്. കണ്‍വീനര്‍ ആയതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രസക്തിയേറി എന്ന കണക്കുകൂട്ടലാണ് ഒപ്പമുള്ളവർക്ക്. അതുകൊണ്ട് തന്നെ വീണുകിട്ടിയ സാഹചര്യം പരമാവധി ഉപയോഗിക്കാനുള്ള എല്ലാ വഴികൾ തേടുകയാണ് അവർ. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന എസ്.എന്‍.ഡി.പിയും വെള്ളാപ്പള്ളിയുമായി പ്രകാശിന് നല്ല ബന്ധമുണ്ട് എന്നതും ഉപയോഗിക്കാനാണ് നീക്കം.
Also Read: അവിടെ മർഫി, ഇവിടെ മാങ്കൂട്ടത്തിൽ!! ഭ്രൂണവധം നിയമക്കുരുക്കായാൽ രാഹുലും കോൺഗ്രസും ഊരിപ്പോകില്ല
രാഹുല്‍ വിവാദം ഉയര്‍ന്നതോടെയാണ് അടൂര്‍ പ്രകാശ് നീക്കം ശക്തിപ്പെടുത്തിയത്. വി.ഡി.സതീശന്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ അദ്ദേഹം ഷാഫി-മാങ്കൂട്ടം വിഭാഗത്തിന്റെ കടുത്ത ശത്രുവായി മാറി. ഈ അവസരം മുതലെടുത്താണ് ഷാഫിയും മാങ്കൂട്ടത്തിലും നേതൃത്വം നല്‍കുന്ന യുവനേതാക്കളുടെ സംഘങ്ങളെ ഒപ്പം നിര്‍ത്താനുള്ള നീക്കവും അദ്ദേഹം തുടങ്ങി. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷനേതാവ് അടക്കം തള്ളിപ്പറയുമ്പോഴും രാഹുലിനെ പിന്തുണച്ച് പ്രകാശ് രംഗത്തുവരുന്നതും. ആരോപണങ്ങൾക്ക് തെളിവില്ലെന്ന് വരുന്തോറും രാഹുലിന് കോൺഗ്രസ് അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും കൂടിവരുന്ന പിന്തുണ തിരിച്ചറിഞ്ഞാണ് ഈ നീക്കം.
Also Read: സതീശനെ കടന്നാക്രമിച്ച് ഷാഫി-മാങ്കൂട്ടം സംഘങ്ങൾ; കോണ്‍ഗ്രസില്‍ ശാക്തികചേരികള്‍ മാറുന്നു
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കേരളത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അരഡസനോളം എം.പിമാര്‍ തയാറായി നില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും മുന്‍പന്തിയിലാണ് അടൂര്‍ പ്രകാശ്. ലോക്‌സഭാ എം.പി സ്ഥാനം അദ്ദേഹത്തിന് അത്ര താല്‍പര്യം ഉണ്ടായിയിരുന്നില്ല എന്നും, പാര്‍ട്ടിയുടെ തീരുമാനം മാനിച്ചാണ് അന്ന് മത്സരിച്ചതെന്നും ആണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. നിലവില്‍ യു.ഡി.എഫ് കണ്‍വീനര്‍ ആയതോടെ കൂടുതല്‍ സമയം സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് കേരള രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുവരാനുള്ള ശ്രമം അദ്ദേഹം നടത്തുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ അത്ര ശക്തമല്ല, ആകെയുള്ളത് കെ.സി. വേണുഗോപാൽ അനുകൂലികളും, വി.ഡി.സതീശനെ പിന്തുണയ്ക്കുന്ന വിഭാഗവുമായിരുന്നു. ഇവയിലുണ്ടാകുന്ന വിള്ളലുകൾ മുതലെടുത്ത് ഒരുവിഭാഗത്തെ ഒപ്പംകൂട്ടാനുളള നീക്കമാണ് യു.ഡി.എഫ്. കൺവീനറായ ശേഷം അടൂർ പ്രകാശ് നടത്തുന്നത്. കെ.കരുണാകരനൊപ്പം നിന്ന് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഉള്‍ക്കളികളെല്ലാം മനസിലാക്കിയിട്ടുള്ള പ്രകാശ് ആ പരിചയമൊക്കെ ഇപ്പോൾ നല്ല നിലയില്‍ ഉപയോഗിക്കുന്നുണ്ട്. എല്ലാത്തിനുപരി അത്തരം ചില സംവിധാനങ്ങളെ പരിപോഷിപ്പിച്ച് കൊണ്ടുപോകാനുള്ള ആളും അര്‍ത്ഥവും അദ്ദേഹത്തിന് സ്വന്തമായി ഉള്ളതിന് പുറമെ, പുറത്തുനിന്ന് ലഭിക്കുന്നുമുണ്ട്.
അത് പരമാവധി ഉപയോഗിക്കാന്‍ തന്നെയാണ് അടൂര്‍ പ്രകാശ് ശ്രമിക്കുന്നത്. മാത്രമല്ല, യു.ഡി.എഫ്. കണ്‍വീനര്‍ എന്ന പദവി ഈ നീക്കത്തിന് കൂടുതല്‍ ഗുണകരമാകുമെന്ന വിലയിരുത്തലും അദ്ദേഹത്തിനും ഒപ്പമുള്ളവര്‍ക്കുമുണ്ട്. ഘടകകക്ഷികളുമായി കൂടുതല്‍ ബന്ധപ്പെടുന്ന നേതാവ് എന്ന നിലയില്‍ ലീഗ് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ തന്റെ നില അരക്കിട്ടുറപ്പിക്കാം എന്നതാണ് കണക്കുകൂട്ടല്‍. ചില കാര്യങ്ങളിൽ സതീശനോടും രമേശിനോടും ലീഗിനുള്ള അതൃപ്തികൾ പരിഹരിച്ചു കൊണ്ടുപോകാനുള്ള മെയ് വഴക്കവും പ്രകാശിനുണ്ട്. കൺവീനറായ ശേഷം ആ നിലയിലും ശ്രദ്ധവയ്ക്കുന്നുണ്ട്.
നിലവിലെ സാമുദായിക സമവാക്യങ്ങളും അതിന് അടൂര്‍ പ്രകാശിന് അനുകൂലമാണ്. കരുണാകരന്റെ കാലശേഷം കോണ്‍ഗ്രസില്‍ ഈഴവ സമൂഹം തീരെ അവഗണിക്കപ്പെട്ടുവെന്ന പരാതി അവര്‍ക്കുണ്ട്. കുറേക്കാലമായി എം.എല്‍.എമാരുടെ എണ്ണത്തിലും ഈ വിഭാഗത്തിന് വേണ്ട പ്രാതിനിധ്യം നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. സതീശനുമായി വെള്ളാപ്പള്ളിയും എസ്.എന്‍.ഡി.പിയും തീര്‍ത്തും അകന്നിരിക്കുകയുമാണ്. എന്നാൽ അടൂര്‍ പ്രകാശുമായി വെള്ളാപ്പള്ളിക്ക് നല്ല ബന്ധവുമാണ്. ഇതുകൂടി ഗുണകരമാക്കി കൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ തന്റെ അവകാശവാദം ശക്തിപ്പെടുത്താനുളള നീക്കമാണ് അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ ഇപ്പോൾ നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here