പാകിസ്ഥാൻ ശത്രു ഹിന്ദുസ്ഥാൻ മിത്രം; അഫ്ഗാനികളുടെ ’ജ്യൂസ് നയതന്ത്രം’!!

ഇന്ന് നമ്മൾ അതിർത്തികൾക്കപ്പുറം വിരിഞ്ഞ ഒരു ഹൃദയബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. രാഷ്ട്രീയ മതിലുകൾക്കപ്പുറം, മനുഷ്യസ്നേഹത്തിൻ്റെ ഊഷ്മളത പങ്കിടുന്ന കഥ. നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന അഫ്ഗാനിസ്ഥാൻ എന്ന രാജ്യത്തെ സാധാരണക്കാരായ മനുഷ്യർ ഇന്ത്യക്കാരോട് ഇപ്പോൾ കാട്ടുന്ന സ്നേഹം വിളിച്ചോതുന്ന ഒരു വീഡിയോ. ഇന്ത്യയോടും ഇന്ത്യക്കാരോടും അഫ്ഗാൻ ജനതക്കുള്ള സ്നേഹവും സൗഹൃദവും പ്രതിഫലിപ്പിക്കുന്നതാണ് ആ വീഡിയോ.
Also Read : ‘ഇന്ത്യ അഫ്ഗാൻ ഭായ് ഭായ്’; ഇന്ത്യൻ സഞ്ചാരിക്ക് താലിബാന്റെ ഹൃദ്യമായ സ്വീകരണം; വീഡിയോ വൈറൽ
എന്താണ് ആ വീഡിയോ എന്നല്ലേ? കൈലാഷ് മീണ എന്ന ഇന്ത്യൻ ട്രാവൽ വ്‌ളോഗർ, അഫ്ഗാനിസ്ഥാനിലെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ ജ്യൂസ് കുടിക്കാൻ ഒരു കടയിൽ കയറി. ജ്യൂസ് കുടിച്ച ശേഷം പണം നൽകാനായി കൈലാഷ് മീണ മുന്നോട്ട് വന്നു. പക്ഷേ, ആ ജ്യൂസ് വിൽപ്പനക്കാരൻ പണം വാങ്ങാൻ കൂട്ടാക്കിയില്ല. സ്നേഹത്തോടെ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘ഇന്ത്യക്കാർ അതിഥികളാണ് അതിഥികളിൽ നിന്ന് ഞങ്ങൾ പണം വാങ്ങാറില്ല’. പാകിസ്ഥാൻ ശത്രുവെന്നും ഹിന്ദുസ്ഥാൻ സുഹൃത്തെതെന്നും കടയിൽ നിൽക്കുന്ന മറ്റ് അഫ്ഗാനികൾ പറയുന്നതും വീഡിയോയിൽ കാണാം. നമുക്ക് നോക്കാം എന്താണ് ഈ അടുത്ത കാലത്തായി ഇന്ത്യക്കാരോട് അഫ്ഗാനികൾക്ക് ഇത്ര സ്നേഹം കാട്ടുന്നതെന്ന്

ഇപ്പോൾ രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളോ, ഭരണപരമായ വ്യത്യാസങ്ങളോ അവിടെ ഒരു വിഷയമായിരുന്നില്ല. അഫ്ഗാൻ ജ്യൂസ് വിൽപ്പനക്കാരൻ്റെ മനസ്സിൽ, ഇന്ത്യ ഒരു അതിഥിയായിരുന്നു. സ്നേഹം നൽകേണ്ട, ബഹുമാനിക്കേണ്ട ഒരു രാജ്യം. അഫ്ഗാൻ സംസ്കാരത്തിൻ്റെ ആതിഥ്യമര്യാദയുടെ ഏറ്റവും ഉദാത്തമായ ഉദാഹരണമായിരുന്നു അത്.
ഇന്ത്യക്കാരോട് അഫ്ഗാൻ ജനത ഇത്തരം സ്നേഹം കാട്ടുന്നത് ഇത് ആദ്യമായിട്ടല്ല. ഹിന്ദി സിനിമകളോടും ഇന്ത്യൻ സംസ്കാരത്തോടും അവർക്കുള്ള ഇഷ്ടം വലുതാണ്. നാട്ടിലേക്ക് കടന്നുവരുന്ന ഇന്ത്യക്കാരെ അവർ എന്നും നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളത്. ഈ ജനകീയ സൗഹൃദം, ഇരു രാജ്യങ്ങളും തമ്മിൽ ഔദ്യോഗിക തലത്തിൽ മാത്രമല്ല, അനൗദ്യോഗിക തലത്തിലും നിലനിൽക്കുന്ന ആഴത്തിലുള്ള ബന്ധത്തിൻ്റെ അടയാളമാണ്.
Also Read : പാകിസ്ഥാൻ ആക്രമണം കടുക്കുമ്പോൾ സഹായവുമായി ഇന്ത്യ; അഫ്ഗാനിലേക്ക് എത്തിച്ചത് 73 ടൺ മരുന്നുകൾ
എന്നാൽ, ഈ വൈകാരികമായ ബന്ധത്തിന് ഒരു രാഷ്ട്രീയമാനം കൂടിയുണ്ട്. താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം അഫ്ഗാനിസ്ഥാൻ ലോകരാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. പാകിസ്ഥാൻ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ അഫ്ഗാനിസ്ഥാനിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുമ്പോഴാണ്, സാധാരണ അഫ്ഗാൻ ജനതക്കും, ചില താലിബാൻ ഉദ്യോഗസ്ഥർക്കും ഇന്ത്യൻ സ്നേഹം ഉടലെടുത്തു എന്നത് ശ്രദ്ധേയമാകുന്നത്.
Also Read : ഇത് ഇന്ത്യയുടെ ജലയുദ്ധം; പാകിസ്ഥാനിൽ ജലക്ഷാമം രൂക്ഷം
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകിയിരിക്കുകയാണ്. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പാകിസ്ഥാൻ അതിർത്തികൾ അടച്ചപ്പോൾ, സ്വന്തം സമ്പദ്‌വ്യവസ്ഥയെയാണ് അവർ തകർത്തത്. നൂറുകണക്കിന് ട്രക്കുകൾ അതിർത്തികളിൽ കുടുങ്ങി. സിമൻ്റ്, ഫാർമസ്യൂട്ടിക്കൽസ്, പഴം-പച്ചക്കറി വ്യവസായങ്ങൾ പാകിസ്ഥാനിൽ തകർന്നു. എന്നാൽ, ഈ സമയത്ത് അഫ്ഗാനിസ്ഥാൻ എന്ത് ചെയ്തു എന്നറിയാമോ? അവർ ഇന്ത്യ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയുമായി വ്യാപാര പങ്കാളിത്തം ഉറപ്പിച്ചു.

താലിബാൻ സർക്കാരിനെ ലോകം അംഗീകരിക്കുന്നില്ലെങ്കിലും, അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യ എന്നും സഹായങ്ങൾ എത്തിച്ചു നൽകിയിട്ടുണ്ട്. ഈ ജനകീയ സൗഹൃദത്തിനപ്പുറം, നയതന്ത്ര തലത്തിലും കാര്യങ്ങൾ ചൂടുപിടിക്കുകയാണ്. കാബൂളിൽ നിന്നും അമൃതസറിലേക്കുള്ള പുതിയ വ്യോമ പാത തുറന്നും, ചബഹാർ തുറമുഖം വഴിയുള്ള വ്യാപാര ബന്ധങ്ങൾ വർദ്ധിപ്പിച്ചും ഇന്ത്യ അയൽരാജ്യവുമായുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തമാക്കുന്നു. പാകിസ്ഥാൻ താലിബാനുമായി അകലുമ്പോൾ, ഇന്ത്യ ആ വിടവ് നികത്തി സൗഹൃദം ഉറപ്പിക്കുകയാണ്.
Also Read : കാബൂൾ വ്യോമപാതയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്; ചൈനയ്ക്കും പാക്കിസ്ഥാനും വൻ തിരിച്ചടി
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാനെ ഇന്ത്യക്കെതിരായ പ്രവർത്തനങ്ങൾക്കുള്ള ഒരു താവളമായാണ് കണ്ടത്. എന്നാൽ, ഇന്ത്യയുടെ നയതന്ത്രം വ്യത്യസ്തമാണ്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലേക്ക് വന്നത് അതിനുദാഹരണമാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഉപരോധ സമിതിയുടെ പ്രത്യേക ഇളവ് നേടിയാണ് ഇന്ത്യ ആ നീക്കം നടത്തിയത്. താലിബാൻ ഭരണത്തിൻ കീഴിലാണെങ്കിൽ പോലും, അഫ്ഗാൻ ജനതയുടെ ക്ഷേമത്തിനാണ് ഇന്ത്യ മുൻഗണന നൽകിയത്. മാനുഷിക സഹായങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, വ്യാപാര ബന്ധങ്ങൾ എന്നിവയിലൂടെയാണ് ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ബന്ധം നിലനിർത്തുന്നത്.

ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് എന്ന സന്ദേശം ഇന്ത്യ അഫ്ഗാൻ ജനതക്ക് നൽകിക്കൊണ്ടിരുന്നു. ഇത് ആഴത്തിലുള്ള വിശ്വാസ്യത ഉണ്ടാക്കി. അഫ്ഗാനിലെ ഇന്ത്യൻ എംബസികൾ ഇന്നും തുറന്നു പ്രവർത്തിക്കുന്നു, നയതന്ത്ര ബന്ധം സജീവമാണ്. ഒരുവശത്ത്, പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് വ്യാപാരം തകർക്കുമ്പോൾ, മറുവശത്ത് ഇന്ത്യ അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായവും വ്യാപാര പിന്തുണയും നൽകുന്നു. ഇത് ഇന്ത്യയുടെ ദീർഘകാല നയതന്ത്ര വിജയമാണ്.
അഫ്ഗാനിസ്ഥാനിലെ തെരുവു കച്ചവടക്കകാരൻ പണം വാങ്ങാതെ ഇന്ത്യക്കാരന് ജ്യൂസ് നൽകിയത് വെറും ഒരു സാധാരണ സംഭവം ആയിരുന്നില്ല. അത്, മാനുഷിക സ്നേഹത്തിൻ്റെ, സാംസ്കാരിക ബന്ധങ്ങളുടെ, അതിലുപരി ഇന്ത്യയുടെ കരുത്തുറ്റ നയതന്ത്രത്തിൻ്റെ ഒരു പ്രതിഫലനമായിരുന്നു. മനുഷ്യബന്ധങ്ങൾക്ക്, സ്നേഹത്തിന്, നയതന്ത്രത്തിന് അതിർത്തികളില്ലെന്ന് നമ്മൾ ലോകത്തിന് കാട്ടികൊടുക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here