പാകിസ്ഥാനെ വീഴ്ത്തിയ ഇന്ത്യയുടെ സൈലന്റ് ഓപ്പറേഷൻ; അഫ്ഗാനിൽ ഇന്ത്യ കളിച്ച കളി ആരും അറിഞ്ഞില്ല

ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഹൃദയഭാഗത്ത് പുകഞ്ഞുകത്തുന്ന ഒരു യുദ്ധം, അത് ഇന്ന് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് അപ്രതീക്ഷിത ഇന്ധനമായി മാറിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തീരാത്ത പകയും അതിർത്തിയിലെ വെടിയൊച്ചകളും ഏതുതരത്തിലാണ് ഇന്ത്യൻ വാണിജ്യ മേഖലയെ മാറ്റിമറിക്കുന്നത്? നമുക്ക് നോക്കാം.
പാകിസ്ഥാൻ വിരിച്ച ഉപരോധത്തിന്റെ കെണിയിൽ അവർ തന്നെ വീഴുമ്പോൾ, അഫ്ഗാനിസ്ഥാന്റെ ഏക ആശ്രയമായി ഇന്ത്യ മാറുന്നത് വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് ലോകം അത്ഭുതത്തോടെ നോക്കിനിൽക്കുന്ന അതിശക്തമായ ഒരു നയതന്ത്ര നീക്കമാണ്. തോക്കുകൾക്ക് പകരം മരുന്നുകളും ഭക്ഷ്യധാന്യങ്ങളും കൊണ്ട് ഇന്ത്യ നടത്തുന്ന ഈ നിശബ്ദ യുദ്ധത്തിന്റെ അണിയറക്കഥകൾ ആവേശകരവും.

അഫ്ഗാനിസ്ഥാൻ പണ്ട് മുതൽ തന്നെ ഏറ്റവും അടുത്ത വാണിജ്യ പങ്കാളികളായി കണ്ടിരുന്നത് തങ്ങളുടെ അയൽരാജ്യമായ പാകിസ്ഥാനെയായിരുന്നു. എന്നാൽ താലിബാൻ ഭരണകൂടവുമായുള്ള അതിർത്തി തർക്കങ്ങൾ രൂക്ഷമായതോടെ, അഫ്ഗാനെ ഒരു പാഠം പഠിപ്പിക്കാൻ ഷെഹ്ബാസ് ഷെരീഫ് സർക്കാർ തീരുമാനിച്ചു. തോർഖം ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പാതകൾ അവർ കൊട്ടിയടച്ചു. ഭക്ഷണമില്ലാതെ, മരുന്നില്ലാതെ അഫ്ഗാൻ ജനത വലയുമെന്ന് പാകിസ്ഥാൻ കരുതി. പക്ഷെ അതിർത്തി അടച്ചതോടെ പാകിസ്ഥാനിലെ ആയിരക്കണക്കിന് വ്യാപാരികൾ വഴിയാധാരമായി. പ്രതിമാസം 150 കോടി രൂപയുടെ നഷ്ടം പാക് സമ്പദ്‌വ്യവസ്ഥയ്ക്ക്ക്കുമുണ്ടായി. പാകിസ്ഥാൻ വാതിൽ അടച്ചപ്പോൾ മറുവശത്ത് ഇന്ത്യ അഫ്ഗാനിസ്ഥാന് വേണ്ടി മറ്റൊരു വാതിൽ തുറന്നു. ഇറാനിലെ ചബാഹർ തുറമുഖം, പാകിസ്ഥാനെ തൊടാതെ തന്നെ ഇന്ത്യയിൽ നിന്ന് നേരിട്ട് അഫ്ഗാനിലേക്ക് ചരക്കുകൾ എത്തിക്കാൻ കഴിയുന്ന പാത. 1800 കോടി രൂപയുടെ പുതിയ വ്യാപാര സാധ്യതയാണ് ഇന്ത്യയ്ക്ക് ഇവിടെ തുറന്നുകിട്ടിയിരിക്കുന്നത്.

ഈ വഴിയിലൂടെ ഇന്ത്യയിൽ നിന്നുള്ള ചരക്കുകൾ പാകിസ്ഥാനെ തൊടാതെ നേരിട്ട് അഫ്ഗാൻ അതിർത്തിയിൽ എത്തുന്നു. കഴിഞ്ഞ വർഷം മാത്രം ആയിരക്കണക്കിന് ടൺ ഗോതമ്പും മരുന്നുകളുമാണ് ഈ വഴിയിലൂടെ അഫ്ഗാനിലെത്തിയത്. പാകിസ്ഥാൻ ഏർപ്പെടുത്തിയ തടസ്സങ്ങൾ ഇന്ത്യയ്ക്ക് പുത്തൻ സാമ്പത്തിക സ്രോതസ്സായി മാറി. കടൽ കടന്ന് വരാൻ സമയമില്ലെങ്കിൽ, ആകാശത്തിലൂടെ പറന്നെത്താൻ ഇന്ത്യ എയർ ഫ്രൈറ്റ് കോറിഡോർ (Air Freight Corridor) തുറന്നു. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും പഞ്ചാബിൽ നിന്നും നേരിട്ട് കാബൂളിലേക്ക് പറക്കുന്ന ചരക്ക് വിമാനങ്ങൾ വഴി പഴങ്ങളും പരവതാനികളും വിലപിടിപ്പുള്ള കല്ലുകളും അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്കും, പകരം ഇന്ത്യയിൽ നിന്ന് അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും അഫ്ഗാനിലേക്കും ഒഴുകുകയാണ്. അഫ്ഗാനിസ്ഥാൻ മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യം. ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ എന്ന വമ്പൻ പദ്ധതിയിലൂടെ റഷ്യയിലേക്കും യൂറോപ്പിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും പാകിസ്ഥാനെ തൊടാതെ ഒരു ഷോർട് കട്ട് ഇന്ത്യ വെട്ടിത്തുറന്നു.

ഇന്ന് അഫ്ഗാനിസ്ഥാനിലെ ആരോഗ്യമേഖല നിലനിൽക്കുന്നത് ഇന്ത്യൻ മരുന്നുകളിലാണ്. ഒരു ബില്യൺ രൂപയിലധികം മൂല്യമുള്ള ഫാർമസ്യൂട്ടിക്കൽ കരാറുകളാണ് ഇന്ത്യൻ കമ്പനികൾക്ക് കാബൂളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് ലഭിച്ചിരുന്ന നിലവാരം കുറഞ്ഞ മരുന്നുകൾക്ക് പകരം ലോകനിലവാരമുള്ള ഇന്ത്യൻ മരുന്നുകൾ ലഭിച്ചതോടെ അഫ്ഗാൻ ഭരണകൂടവും ഇന്ത്യയുമായി കൂടുതൽ അടുത്തു. ഇതൊരു സാമ്പത്തിക വിജയം മാത്രമല്ല, വലിയൊരു തന്ത്രപരമായ വിജയം കൂടിയാണ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ഈ സൈലന്റ് ഓപ്പറേഷൻ ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു വെടിപോലും പൊട്ടിക്കാതെ പാകിസ്ഥാന്റെ സ്വാധീനം അഫ്ഗാൻ മേഖലയിൽ നിന്ന് ഇന്ത്യ തുടച്ചുനീക്കി. അഫ്ഗാനെ ഒറ്റപ്പെടുത്താൻ നോക്കിയവർ ഇന്ന് സ്വയം ഒറ്റപ്പെട്ടിരിക്കുന്നു. സഹായഹസ്തം നീട്ടിയ ഇന്ത്യയാകട്ടെ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വിശ്വസ്തരായ പങ്കാളിയായി മാറുകയും ചെയ്തു. ഇവിടെയാണ് ഇന്ത്യയുടെ യഥാർത്ഥ വിജയം. അതിർത്തിയിൽ ഒരു വെടിയുണ്ട പോലും പാഴാക്കാതെ, ഒരു സൈനികനെ പോലും നഷ്ടപ്പെടുത്താതെ പാകിസ്ഥാന് ഇന്ത്യ നൽകിയത് മാരകമായ പ്രഹരമാണ്. ഇന്ത്യയ്ക്കെതിരെ ഭീകരവാദത്തെ ആയുധമാക്കിയ പാകിസ്ഥാൻ ഇന്ന് സ്വന്തം വ്യാപാരികളുടെ കണ്ണീരിന് മറുപടി നൽകാൻ കഴിയാത്ത അവസ്ഥയിലാണ്.
അവർ ചതിയുടെയും അക്രമത്തിന്റെയും ഭാഷ സംസാരിച്ചപ്പോൾ, ഇന്ത്യ സംസാരിച്ചത് ഭക്ഷണത്തിന്റെയൂം മരുന്നിന്റെയും വികസനത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയാണ്. ഇന്ത്യയെ തകർക്കാൻ നോക്കിയ പാകിസ്ഥാനെക്കാൾ, തങ്ങളെ ഊട്ടുന്ന ഇന്ത്യയെ അഫ്ഗാൻ ഭരണകൂടം ഇന്ന് വിശ്വസിക്കുന്നു. ആയുധമെടുക്കാതെ തന്നെ ഒരു രാജ്യത്തെ തന്ത്രപരമായി എങ്ങനെ മുട്ടുകുത്തിക്കാം എന്ന് നമ്മൾ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here