ഇന്ത്യക്ക് പിന്നാലെ പാകിസ്താന്റെ വെള്ളംകുടി മുട്ടിക്കാൻ അഫ്ഗാനും; കുനാർ നദിയിൽ അണക്കെട്ട് നിർമ്മിക്കാൻ നിർദ്ദേശം

പാകിസ്താനുമായുള്ള അതിർത്തി സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ, കുനാർ നദിയിൽ ഉടൻ അണക്കെട്ട് നിർമ്മിക്കാൻ താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ഇന്ത്യ പാകിസ്താനുമായി ജലം പങ്കിടുന്നതിൽ കർശന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് പാകിസ്താനെതിരായി അഫ്ഗാനിസ്ഥാന്റെ ഈ നീക്കം.
താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദയാണ് കുനാർ നദിയിൽ കഴിയുന്നത്ര വേഗത്തിൽ അണക്കെട്ട് നിർമ്മിക്കാനുള്ള നിർദ്ദേശം ജല-ഊർജ്ജ മന്ത്രാലയത്തിന് നൽകിയത്. വിദേശ കമ്പനികളെ കാത്തുനിൽക്കാതെ ആഭ്യന്തര അഫ്ഗാൻ കമ്പനികളുമായി കരാർ ഒപ്പിടാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
Also Read : ‘ഇന്ത്യ അഫ്ഗാൻ ഭായ് ഭായ്’; ഇന്ത്യൻ സഞ്ചാരിക്ക് താലിബാന്റെ ഹൃദ്യമായ സ്വീകരണം; വീഡിയോ വൈറൽ
പാകിസ്താനിലെ ജലസേചനത്തിനും കുടിവെള്ള ആവശ്യങ്ങൾക്കും നിർണായകമായ കാബൂൾ നദിയുടെ പോഷകനദിയാണ് കുനാർ. പാകിസ്താനിലെ ഖൈബർ പ്രവിശ്യയുടെ ജലലഭ്യതയ്ക്ക് കുനാർ നദി അത്യന്താപേക്ഷിതമാണ്.കുനാർ നദിയിലെ ജലം കുറഞ്ഞാൽ, അത് കാബൂൾ നദി വഴിയെത്തിച്ചേരുന്ന സിന്ധു നദിയെയും ബാധിക്കാൻ സാധ്യതയുണ്ട്. ഇത് പാകിസ്താനിലെ പഞ്ചാബ് ഉൾപ്പെടെയുള്ള കാർഷിക മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാകും.
ഇന്ത്യയും പാകിസ്താനും തമ്മിൽ സിന്ധു നദീജല ഉടമ്പടി നിലവിലുള്ളതുപോലെ, അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിൽ നദീജലം പങ്കിടുന്നതിന് ഔദ്യോഗികമായ ഒരു കരാറും നിലവിലില്ല. ഇത് പാകിസ്താന്റെ ആശങ്ക വർദ്ധിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ സമീപ ആഴ്ചകളിൽ വർധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജലസ്രോതസ്സുകളുടെ മേലുള്ള തങ്ങളുടെ പരമാധികാരം ഉറപ്പാക്കാൻ താലിബാൻ ശ്രമിക്കുന്നത്.
ഭരണമേറ്റെടുത്ത ശേഷം ജല പരമാധികാരത്തിന് ഊന്നൽ നൽകുന്ന താലിബാൻ ഭരണകൂടം, രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾക്കും ജലസേചനത്തിനും വേണ്ടിയുള്ള അണക്കെട്ട് പദ്ധതികൾക്ക് വേഗത കൂട്ടിയിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാൻ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾക്കായി ഇന്ത്യയുമായി സഹകരണം ശക്തമാക്കുകയും ചെയ്യുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here