500 എണ്ണത്തിന് പിന്നാലെ വീണ്ടും നൂറിലധികം നായ്ക്കളുടെ കൂട്ടക്കൊല; ജഡങ്ങൾക്കായി പോലീസ് തിരച്ചിൽ

തെലങ്കാനയിൽ തെരുവ് നായ്ക്കൾക്ക് നേരെയുള്ള ക്രൂരത തുടരുന്നു. ഹൈദരാബാദിന് സമീപമുള്ള രംഗറെഡ്ഡി ജില്ലയിലെ യാചാരം ഗ്രാമത്തിൽ നൂറിലധികം തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊലപ്പെടുത്തിയതായി പരാതി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിവിധ ജില്ലകളിലായി 500ഓളം നായ്ക്കളെ കൊന്നൊടുക്കിയതിന് പിന്നാലെയാണ് വീണ്ടും കൂട്ടക്കൊല നടന്നിരിക്കുന്നത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെയും സഹായികളുടെയും നിർദ്ദേശപ്രകാരം പ്രൊഫഷണൽ സംഘമാണ് നായ്ക്കളെ കൊന്നതെന്നാണ് സംശയിക്കുന്നത്. നായ്ക്കളുടെ ജഡങ്ങൾ ഗ്രാമത്തിന് പുറത്ത് എവിടെയോ കുഴിച്ചിട്ട നിലയിലാണ്. ഇവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ‘സ്ട്രേ ആനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് , വാർഡ് മെമ്പർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരമാണ് നടപടി.

ഗ്രാമത്തിൽ നിന്ന് പെട്ടെന്ന് നായ്ക്കളെ കാണാതായതിനെക്കുറിച്ച് ചോദിച്ചപ്പോൾ അധികൃതർ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയതെന്ന് പരാതിക്കാർ ആരോപിക്കുന്നു. ജനുവരി 19നാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു.
നേരത്തെ കാമറെഡ്ഡിയിൽ നടന്ന സമാനമായ സംഭവത്തിൽ ആറ് ഗ്രാമത്തലവന്മാർക്കെതിരെ കേസെടുത്തിരുന്നു. തെലങ്കാനയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സംഭവങ്ങൾ മൃഗസ്‌നേഹികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top