ഭൂരിപക്ഷസമുദായങ്ങളുടെ പിണക്കം മാറ്റി; ആഗോള അയ്യപ്പസംഗമം രാഷ്ട്രീയവിജയം

ശബരിമല മാസ്റ്റർ പ്ലാനിന്‍റെ ചര്‍ച്ചയ്‌ക്കൊപ്പം ഉദ്ദേശിച്ച രാഷ്ട്രീയനേട്ടവും കൈവരിച്ച് ആഗോള അയ്യപ്പസംഗമം. അയ്യപ്പസംഗമവുമായി സഹകരിക്കാത്ത കോണ്‍ഗ്രസിനും ബിജെപിക്കും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഇടതുപക്ഷത്തുനിന്ന് ഭൂരിപക്ഷസമുദായ വോട്ടുകൾ കൊഴിഞ്ഞുപോകുന്ന പ്രതിഭാസം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായപ്പോൾ, അതിനുള്ള മറുമരുന്നായി ആഗോള അയ്യപ്പസംഗമം.
എസ്എന്‍ഡിപിയും വെള്ളാപ്പള്ളി നടേശനും ഈ പരിപാടിയെയും സര്‍ക്കാരിനെയും പ്രശംസിച്ച് നേരത്തെതന്നെ രംഗത്ത് എത്തിയിരുന്നെങ്കിലും, അപ്രതീക്ഷിതമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കൂടി അക്കൂട്ടത്തിൽ കൂടിയതാണ് പ്രതിപക്ഷ പാർട്ടികൾക്കു ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാരിനും ഇടതുമുന്നണിക്കും പരസ്യപിന്തുണ തന്നെയാണ് ജി സുകുമാരൻ നായർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നു മാത്രമല്ല, കടുത്ത ഭാഷയിൽ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ വിമര്‍ശനം അഴിച്ചുവിടുകയും ചെയ്തു. സുകുമാരൻ നായർ കണ്ണുമടച്ചുള്ള പൂര്‍ണ്ണപിന്തുണ ഇടതുമുന്നണിക്കും സര്‍ക്കാരിനും പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്, ബിജെപി കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. ആഗോള അയ്യപ്പസംഗമത്തിന്‍റെ പ്രധാന രാഷ്ട്രീയ ഉദ്ദേശ്യവും ഇതുതന്നെയായിരുന്നു.
ഭൂരിപക്ഷ സമുദായാംഗങ്ങളുടെ വോട്ടായിരുന്നു കേരളത്തില്‍ സിപിഎമ്മിന്‍റെയും ഇടതുമുന്നണിയുടെയും കരുത്ത്, പ്രത്യേകിച്ച് ഈഴവ വിഭാഗത്തിന്‍റേത്. എന്നാല്‍, കഴിഞ്ഞ കുറേ കാലങ്ങളായി അതില്‍ പ്രകടമായ വിള്ളലുകൾ വീണിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷസമുദായ വോട്ട് വലിയതോതിൽ കൊഴിഞ്ഞു പോയെന്ന വിലയിരുത്തലും നടത്തിയിരുന്നു സിപിഎമ്മും ഇടതുമുന്നണിയും. അതു പരിഹരിക്കാൻ സാക്ഷാൽ അയ്യപ്പനെ തന്നെ അവർ കൂട്ടുപിടിച്ചപ്പോൾ, പങ്കെടുക്കാതെ വിട്ടുനിന്നത് കോണ്‍ഗ്രസിനു തിരിച്ചടിയുമായി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ന്യൂനപക്ഷ പ്രീണനം, പ്രത്യേകിച്ച് മുസ്ലീം പ്രീണനം നടത്തുന്നു എന്ന ആക്ഷേപം നേരിട്ടിരുന്നു സിപിഎം. എന്നാൽ, സംഘപരിവാറിനെതിരായ വോട്ടുകൾ ഭിന്നിക്കാതെ കോൺഗ്രസിനും യുഡിഎഫിനും പിന്നിൽ ന്യൂനപക്ഷങ്ങൾ ഒന്നിച്ച് അണിനിരന്നപ്പോൾ കോൺഗ്രസിന് അതു വൻ നേട്ടവുമായി. പ്രീണന ആരോപണം നേരിടുകയും ചെയ്തു, എന്നാൽ, അതിന്‍റെ ഗുണം കിട്ടുകയും ചെയ്തില്ല എന്നതായി അവസ്ഥ. ഭൂരിപക്ഷ സമുദായങ്ങൾ അകലുകയും ചെയ്തു. അതിനുള്ള പരിഹാരക്രിയയാണ് ഒരു വര്‍ഷത്തിലേറെയായി പുരോഗമിക്കുന്നത്. ഇടഞ്ഞു നില്‍ക്കുകയായിരുന്നെങ്കിലും, അസുഖബാധിതനായ സുകുമാരന്‍നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിൽ സന്ദര്‍ശിച്ചതും ഇതിനോടു ചേര്‍ത്തുവായിക്കാം.
Also Read: സുകുമാരന്‍ നായര്‍ക്കെതിരെ സംഘപരിവാർ സൈബർ ആക്രമണം; LDFനൊപ്പമെന്ന് പറഞ്ഞതിന് പിന്നാലെ തെറിയഭിഷേകം
അതേസമയം, മലബാറില്‍ വീണ്ടും ചുവടുറപ്പിക്കാൻ തിടുക്കപ്പെടുന്ന കോണ്‍ഗ്രസ് ഇപ്പോൾ മുസ്ലിം പ്രീണനത്തിലേക്കു കടക്കുന്നുവെന്ന ആരോപണം ശക്തമായി ഉയരുകയും ചെയ്യുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ അഞ്ചാം മന്ത്രി വിവാദത്തിനു സമാനമായ സാഹചര്യമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. എല്ലാം മുസ്ലിംലീഗിനു അടിയറ വയ്ക്കുന്നുവെന്ന ആരോപണമാണ് ഭരണമില്ലെങ്കിലും ഇപ്പോഴും ഉയരുന്നത്. അതോടൊപ്പം ജമാ അത്തെ ഇസ്ലാമിയുമായുള്ള പരസ്യബാന്ധവവും എസ്‌ഡിപിഐയുമായുള്ള രഹസ്യബാന്ധവവും തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം പരമാവധി മുതലെടുത്തുകൊണ്ടാണ് ആഗോള അയ്യപ്പസംഗത്തിലൂടെ ഇടതുമുന്നണിയും സര്‍ക്കാരും ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുത്തത്.
ഇടതുപക്ഷത്തിന്‍റെ നിലപാട് മാറ്റം ബിജെപിക്കും വലിയ ഭീഷണിയാണ്. ആഗോള അയ്യപ്പ സംഗമത്തെ കേരളത്തിലെ സമുദായ സംഘനകള്‍ തള്ളിപ്പറയും എന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍, സര്‍ക്കാരിന്‍റെ പരിപാടിയെ പ്രബല സമുദായങ്ങൾ പൂര്‍ണ്ണമായി സ്വീകരിക്കുക മാത്രമല്ല, ബിജെപിയുടെ ബദല്‍ സംഗമത്തെ രൂക്ഷമായി വിമര്‍ശിച്ച് തള്ളിക്കളയുകയും ചെയ്തു. ശബരിമല സ്ത്രീപ്രവേശന സമയത്ത് ഒപ്പം നിന്നവര്‍ പോലും ബിജെപിയെ കൈയൊഴിഞ്ഞു. ശബരിമല സംരക്ഷണ സംഗമം എന്ന പേരില്‍ ബിജെപിയും സംഘപരിവാറും സംഘടിപ്പിച്ച പരിപാടിയെ പന്തളം രാജകുടുംബം പോലും പരസ്യമായി തള്ളിപ്പറഞ്ഞു. വാവരെക്കുറിച്ച് ആ യോഗത്തില്‍ ചിലര്‍ നടത്തിയ പ്രസ്താവന, വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതിനുള്ള നീക്കമാണെന്നും രാജകുടുംബം അഭിപ്രായപ്പെട്ടു.
Also Read: വാവരെ വാപുരനെന്ന് വിളിച്ച സ്വാമിക്കെതിരെ കേസ്; ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്
കേരളത്തിൽ തൽക്കാലം ഭരണത്തിലെത്താൻ ഉടനെങ്ങും സാധ്യതയില്ലാത്ത ബിജെപിയെക്കാൾ കോണ്‍ഗ്രസിനാണ് അയ്യപ്പസംഗമം കൂടുതൽ തിരിച്ചടിയുണ്ടാക്കുക. അടുത്ത തിരഞ്ഞെടുപ്പ് ജയിക്കാൻ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം എന്‍എസ്എസിന്‍റെ വോട്ടും നല്ലരീതിയിൽ കിട്ടണം. അതു കിട്ടുമെന്ന പ്രതീക്ഷയിലുമായിരുന്നു കോണ്‍ഗ്രസ് ഇതുവരെ. സമദൂരം പറയുമ്പോഴും, കഴിഞ്ഞ ഒന്‍പതു വര്‍ഷവും മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതുസര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന എന്‍എസ്എസിന്‍റെ നിരുപാധിക പിന്തുണ തന്നെ അവര്‍ ഇത്തവണ പ്രതീക്ഷിച്ചു. മലബാര്‍ മേഖലയില്‍ സാധ്യമാക്കിയ മുസ്ലിം ഏകീകരണത്തോടൊപ്പം, എൻഎസ്എസ് പിന്തുണ കൂടിയാകുമ്പോള്‍ ഭരണമുറപ്പിക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ചിന്ത. എന്നാൽ, അതെല്ലാം തകിടം മറിയുന്ന കാഴ്ചയാണിപ്പോൾ.
Also Read: പന്തളത്ത് സ്വാമി അയ്യപ്പന്‍ ബസ് സ്റ്റാന്‍ഡ്; തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എങ്ങും ഭക്തിമയം
നായര്‍ സമുദായത്തിൽ നല്ലൊരു വിഭാഗം ഇടതുവിരുദ്ധ വോട്ടുകള്‍ തന്നെയാണ് ഇപ്പോഴും. എന്നാല്‍, കോൺഗ്രസിനു കിട്ടിക്കൊണ്ടിരുന്ന ഇടതുവിരുദ്ധ വോട്ടുകളിൽ വലിയൊരു പങ്ക് ബിജെപിക്കു പോകുന്നുണ്ട്. ഇതാണ് കോൺഗ്രസിന്‍റെ സാധ്യതകളെ സങ്കീർണമാക്കുന്നത്. ഇടത് അനുകൂല വോട്ടിനൊപ്പം, സമുദായ നേതൃത്വത്തെ അനുസരിക്കുന്ന കുറച്ചുവോട്ടുകൾ കൂടി ഇക്കുറി ഇടത്തേക്കു ചാഞ്ഞാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Also Read: ആഗോള അയ്യപ്പസംഗമത്തിന് ചെലവ് 7 കോടി; സ്പോൺസർഷിപ്പ് റെഡി
ആഗോള അയ്യപ്പസംഗത്തില്‍ പങ്കെടുക്കാതിരുന്നതിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ അഭിപ്രായഭിന്നതയുണ്ട്. സര്‍ക്കാര്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതു തന്നെ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കിയാണ്. അതൊക്കെ ബഹിഷ്‌കരിക്കുന്നതു വഴി സര്‍ക്കാരിനും ഇടതുപക്ഷത്തിനും ഏകപക്ഷീയ നേട്ടമാണ് പ്രതിപക്ഷം ഉണ്ടാക്കി കൊടുക്കുന്നതെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരിപാടികളില്‍ പങ്കെടുത്താല്‍ അതിന്‍റെ നേട്ടത്തില്‍ ഒരുപങ്ക് പ്രതിപക്ഷത്തിനുകൂടി അവകാശപ്പെടാനാവും. അതിനുള്ള അവസരമാണ് ഇപ്പോള്‍ നഷ്ടപ്പെടുത്തിയത്. ഇതു തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും അവർ നൽകുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here