വെടിവച്ചു കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിക്കണം; പന്നി ശല്യത്തിന് പരിഹാരവുമായി മന്ത്രി പി പ്രസാദ്

കാർഷിക മേഖല നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നായ കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി പി പ്രസാദ് നടത്തിയ പരാമർശം ശ്രദ്ധേയമാകുന്നു. കൃഷിയിടങ്ങളിൽ വച്ച് വെടിവച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണത്തിനായി ഉപയോഗിക്കാൻ കേന്ദ്ര നിയമം അനുവദിച്ചാൽ ഈ പ്രശ്നത്തിന് വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ പാലമേൽ പഞ്ചായത്തിൽ വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നികളെ നിയന്ത്രിക്കുന്നതിൽ കർഷകർ നേരിടുന്ന നിയമപരമായ ബുദ്ധിമുട്ടുകളിലേക്കും കേന്ദ്ര നിയമത്തിൻ്റെ പരിമിതികളിലേക്കും മന്ത്രി വിരൽ ചൂണ്ടി.
Also Read : ഞാൻ പറഞ്ഞത് പറഞ്ഞതുതന്നെ: ജയസൂര്യ, കൃഷ്ണകുമാർ കള്ളം പറയുന്നതെന്ന് മന്ത്രി പി പ്രസാദ്
“കൃഷിയിടത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന പന്നിയെ കൊല്ലാൻ കർഷകർക്ക് അനുമതിയുണ്ടെങ്കിലും, ആ പന്നിയെ ഭക്ഷണത്തിനായി ഉപയോഗിക്കാൻ കഴിയില്ല. കൊന്ന് തിന്നാൻ അനുവദിച്ചാൽ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരമുണ്ടാകും. കാരണം, പന്നി വംശനാശം നേരിടുന്ന വിഭാഗത്തിൽപ്പെട്ട മൃഗമല്ലല്ലോ?” – മന്ത്രി പി. പ്രസാദ് ചോദിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കർശന വ്യവസ്ഥകൾ പ്രകാരം കാട്ടുപന്നികളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്.
പന്നികളെ വെടിവെച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടാൽ പോലും, നടപടികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം കാരണം കർഷകർക്ക് ഉടൻ പരിഹാരം ലഭിക്കുന്നില്ല. കൊല്ലുന്ന പന്നികളെ സംസ്കരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും കർഷകർ നേരിടുന്നുണ്ട്. സമാനമായ അഭിപ്രായവുമായി കോൺഗ്രസ് എംഎൽഎ സണ്ണി ജോസഫ് മുൻപ് രംഗത്ത് എത്തിയിരുന്നു. കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കുഴിച്ചിടുന്നതിന് പകരം വെളിച്ചെണ്ണയിൽ പാചകം ചെയ്യാൻ നിയമം വേണം എന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here