രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; എംഎൽഎ ആയതിൻ്റെ ഒന്നാം വാർഷികത്തിൽ പാർട്ടിക്ക് പുറത്തായി

യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനകേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഇതോടെ രാഹുലിന്റെ അറസ്റ്റ് ഏത് നിമിഷവും ഉണ്ടായേക്കുമെന്നാണ് സൂചന. പോലീസ് ദിവസങ്ങളായി തിരയുന്ന രാഹുൽ നിലവിൽ ഒളിവിലാണ്.
ജാമ്യം നിഷേധിച്ച ഉടൻ തന്നെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി കെപിസിസി തീരുമാനവും വന്നു. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുലിനെതിരെ വന്ന പരാതികളുടെയും കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
രാഹുലിനെതിരെ രണ്ട് ബലാത്സംഗ കേസുകളാണുള്ളത്. പീഡിപ്പിക്കുകയും, നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്തതായും പ്രോസിക്യൂഷൻ വാദിച്ചു. അശാസ്ത്രീയ ഗർഭഛിദ്രം ജീവൻ അപകടത്തിലാക്കിയെന്ന ഡോക്ടറുടെ മൊഴി നിർണായകമായി. നഗ്നദൃശ്യമെടുത്ത് ബ്ലാക്മെയിൽ ചെയ്തെന്നും, പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ രാഹുൽ യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി സമ്മർദ്ദം ചെലുത്തിയെന്ന വിവരവും കോടതിയെ അറിയിച്ചു. ലൈംഗികബന്ധം ഉഭയസമ്മതപ്രകാരം ആയിരുന്നില്ലെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. രാഹുലും യുവതിയും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും മറ്റ് തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.
പരാതിക്ക് പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചന ഉണ്ടെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാൽ ഇതെല്ലാം കോടതി തള്ളി. ഇതോടെ രാഹുലിന്റെ അറസ്റ്റിലേക്ക് ഉടൻ കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പു വരെ അറസ്റ്റ് നീട്ടിക്കൊണ്ട് പോയാൽ കിട്ടാവുന്ന നേട്ടം രാഷ്ട്രീയമായി സർക്കാരും സിപിഎമ്മും പരിഗണിക്കുന്നതായും സൂചനയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here