കുറ്റവാളികളെ തേടി ഇനി എഐ എത്തും! ‘യക്ഷ്’ ആപ്പ്’ പുറത്തിറക്കി മുഖ്യമന്ത്രി

ഉത്തർപ്രദേശിലെ ക്രമസമാധാന നില കൂടുതൽ ശക്തമാക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിനായി എഐ അടിസ്ഥാനമാക്കിയുള്ള ‘യക്ഷ്’ (YAKSH) എന്ന മൊബൈൽ ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ആപ്പ് പോലീസിന്റെ കുറ്റാന്വേഷണം എളുപ്പമാക്കും. ലഖ്‌നൗവിൽ നടന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലാണ് ആപ്പ് ഉദ്ഘാടനം ചെയ്തത്.

പോലീസിന്റെ പക്കലുള്ള പഴയ കുറ്റവാളികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകമായ ‘ബീറ്റ് ബുക്ക്’ പൂർണ്ണമായും ഡിജിറ്റലാക്കി മാറ്റുന്നതാണ് ഈ പുതിയ സംവിധാനം. ഇതിലൂടെ കുറ്റവാളികളെയും സംശയാസ്പദമായ നീക്കങ്ങളെയും അതിവേഗം തിരിച്ചറിയാൻ പോലീസിന് സാധിക്കും. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സംശയിക്കുന്നവരുടെ മുഖം സ്കാൻ ചെയ്ത് പോലീസ് ഡാറ്റാബേസിലുള്ള കുറ്റവാളികളുമായി ഒത്തുനോക്കാൻ കഴിയും.

പോലീസ് ഉദ്യോഗസ്ഥർക്ക് ശബ്ദത്തിലൂടെ തന്നെ കുറ്റവാളികളുടെ വിവരങ്ങൾ തിരയാൻ സാധിക്കും. ക്രിമിനൽ സംഘങ്ങളുടെ ബന്ധങ്ങൾ കണ്ടെത്താനും അവരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനും എഐ സഹായിക്കും. കുറ്റവാളി താമസം മാറുന്നതോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക സ്ഥലത്ത് സംശയാസ്പദമായ നീക്കങ്ങൾ നടത്തുകയോ ചെയ്താൽ ആ വിവരങ്ങൾ ആപ്പിലൂടെ ഉടൻ തന്നെ പോലീസിന് ലഭിക്കും. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ വിശകലനം ചെയ്യാനും അന്വേഷണത്തിൽ സഹായം തേടാനും ഇതിൽ പ്രത്യേക സംവിധാനമുണ്ട്.

സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, സ്ത്രീ സുരക്ഷ എന്നിവയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽ നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി ‘സ്മാർട്ട് എസ്എച്ച്ഒ ഡാഷ്‌ബോർഡ്’ (Smart SHO Dashboard) എന്ന സംവിധാനവും ഏർപ്പെടുത്തും. ഇത് വഴി പരാതികൾ പരിഹരിക്കുന്നതിന്റെ വേഗതയും പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമതയും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നേരിട്ട് വിലയിരുത്താൻ കഴിയും. യുപി പോലീസിനെ കൂടുതൽ ജനസൗഹൃദമാക്കാനും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ തടയാനുമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top