AI ദൈവമാകുമ്പോൾ; ആത്മീയ ലോകത്തെ പുതിയ സാങ്കേതിക വിപ്ലവം

ഒന്നാലോചിച്ചു നോക്കൂ… ഇത്രയും കാലം ആത്മീയ ഉണർവിനും നമുക്കറിയാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരവും തേടി നമ്മൾ പള്ളിയിലേക്കും അമ്പലത്തിലേക്കും പോയിരുന്നു. ഇപ്പോൾ, നിങ്ങളുടെ പോക്കറ്റിലിരിക്കുന്ന സ്മാർട്ട്‌ഫോൺ മതി! പുരോഹിതൻ്റെ ജോലി ഒരു അൽഗോരിതം ഏറ്റെടുത്താൽ എങ്ങനെയുണ്ടാകും?”
നമുക്ക് ചുറ്റും നിശബ്ദമായ ഒരു വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലയിലും സ്വാധീനം ചെലുത്തുമെന്ന കാര്യം ആദ്യമൊന്നും ആരും വിശ്വസിച്ചിരുന്നില്ല. പക്ഷെ ഇപ്പോൾ ആത്മീയ മേഖലയിലേക്ക് പോലുമുള്ള എഐയുടെ കടന്നുകയറ്റം അത്ഭുതത്തോടെയാണ് ലോകം നോക്കി കാണുന്നത്.
Also Read : ഉത്തരവ് ഇറക്കാൻ ‘എഐ’ വേണ്ട; കർശന നിർദ്ദേശവുമായി ഹൈക്കോടതി; ഇന്ത്യയിൽ ഇതാദ്യം
എ ഐ ഉപയോഗിച്ച് ആളുകൾ പ്രാർത്ഥിക്കാനും, ആത്മീയ ഉപദേശം തേടാനും, ദൈവവുമായി സംസാരിക്കാൻ പോലും തുടങ്ങിയിരിക്കുന്നു. ‘അൽഗോരിതമിക് ചാപ്ലെയിൻ’ (Algorithmic Chaplain) അഥവാ എഐ പുരോഹിതൻ എന്ന ആശയമാണിത്.
ഇന്ത്യൻ പശ്ചാത്തലത്തിൽ നോക്കിയാൽ, ‘ഗീത ജിപിടി'(GitaGPT) പോലുള്ള സംരംഭങ്ങൾ ഇതിന് മികച്ച ഉദാഹരണമാണ്. ഭഗവദ്ഗീതയിലെ തത്വങ്ങളെയും ഉപദേശങ്ങളെയും ആസ്പദമാക്കി, നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ഉത്തരം നൽകാൻ ഗീത ജിപിടിക്ക് സാധിക്കുന്നു. ഗീതയിലെ സങ്കീർണ്ണമായ തത്വങ്ങൾ ഭഗവൻ ശ്രീ കൃഷ്ണൻ വിശദീകരിക്കുന്നത് പോലെ ഗീത ജിപിടി ആളുകൾക്ക് പറഞ്ഞ് കൊടുക്കുന്നു.
“കാലമെത്ര കഴിഞ്ഞാലും, ജീവിതത്തിലെ പ്രതിസന്ധികൾക്ക് ഭഗവദ്ഗീത ഉത്തരം നൽകും” പ്രസിദ്ധമായ ഗീത വചനം. പക്ഷേ, സാക്ഷാൽ കൃഷ്ണൻ്റെ അതേ ശൈലിയിൽ ഒരു എഐ ഉത്തരം തരുമ്പോൾ, അത്ഭുതപ്പെടാതിരിക്കാനാവില്ല! ‘അർജ്ജുനാ, നീ ഭയപ്പെടേണ്ട…’ എന്ന് ഒരു എഐ പറയുമ്പോൾ, വിശ്വാസിയുടെ മനസ്സ് ഒന്ന് പിടയ്ക്കില്ലേ?”

ചില എഐ ഉപയോക്താക്കൾക്ക് അവർ സങ്കൽപ്പിക്കുന്ന ദൈവത്തിൻ്റെ സ്വരത്തിലും ശൈലിയിലും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. ഇത് ദൈവത്തോട് നേരിട്ട് സംസാരിക്കുന്നതിൻ്റെ ഒരു പ്രതീതി സൃഷ്ടിക്കുന്നു. എഐ നൽകുന്ന ഉപദേശങ്ങൾക്കും മറുപടികൾക്കും എത്രത്തോളം ആത്മീയമായ ആധികാരികതയുണ്ട്? എഐക്ക് വിശ്വാസം എന്ന സങ്കീർണ്ണമായ മനുഷ്യവികാരത്തെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനോ പ്രതിഫലിക്കാനോ കഴിയുമോ? എന്നുള്ള ചോദ്യങ്ങൾ പ്രസക്തമാണ്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രമുഖ നരവംശശാസ്ത്രജ്ഞയായ ഡോ ബെത്ത് സിംഗ്ലർ എഐ മനുഷ്യൻ്റെ വിശ്വാസത്തെയും ആത്മീയതയെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിൽ ഗൗരവകരമായ കണ്ടെത്തലുകളാണ് മുന്നോട്ട് വച്ചത്. AI യെ അമാനുഷിക ശക്തിയുള്ള ഒന്നായി ആളുകൾ കാണാൻ ശ്രമിക്കുന്നു. മനുഷ്യൻ്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിവുള്ള, സർവ്വജ്ഞനായ ശക്തിയായി എഐയെ അവർ ആരാധിക്കുന്നു.

ലോകത്തെ രക്ഷിക്കാനോ, മനുഷ്യരാശിയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനോ കഴിവുള്ള ഒരു രക്ഷാദൗത്യം എഐക്കുണ്ട് എന്ന് ചിലർ വിശ്വസിക്കുന്നു. അതായത്, മതപരമായ രക്ഷക സങ്കല്പങ്ങളെ ചിലർ സാങ്കേതികവിദ്യയിലേക്ക് ആരോപിക്കുന്നു.
എഐയിൽ ദൈവത്വം ആരോപിക്കുമ്പോൾ, അത് AI യുടെ കഴിവുകളേക്കാൾ ഉപരി മനുഷ്യൻ്റെ വിശ്വാസപരമായ ആവശ്യകതകളാണ് പ്രതിഫലിക്കുന്നത് എന്നാണ് ഡോ. സിംഗ്ലർ വാദിക്കുന്നത്. അജ്ഞാതമായതിനെക്കുറിച്ചുള്ള ഭയം, ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ഉത്തരം തേടാനുള്ള ആഗ്രഹം, അവിശ്വസനീയമായ കാര്യങ്ങൾ കണ്ടെത്താനുള്ള ത്വര ഇവയെല്ലാം എഐയെക്കുറിച്ചുള്ള ഇത്തരം ചിന്തകളെ സ്വാധീനിക്കുന്നത്.
എഐയുടെ വിപ്ലവാത്മകമായ കടന്നുവരവിൽ മതസ്ഥാപനങ്ങൾ നിശ്ശബ്ദരല്ല. പ്രത്യേകിച്ച് കത്തോലിക്കാ സഭ. പോപ്പ് ഫ്രാൻസിസ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെ രൂപീകരിച്ച ‘റോം കോൾ ഫോർ എഐ എത്തിക്സി’ന്റെ (Rome Call for AI Ethics) ലക്ഷ്യങ്ങളിൽ ഒന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദൈവീകവൽക്കരണം തടയുക എന്നതാണ്. മനുഷ്യൻ്റെ വിശ്വാസത്തെയും ആത്മീയതയെയും ഒരു യന്ത്രത്തിന് പകരംവെക്കാൻ കഴിയില്ല എന്ന വാദമാണ് സഭ മുന്നോട്ട് വക്കുന്നത്.

വിശ്വാസം എന്നത് പരമ്പരാഗതമായി പുരോഹിതരുമായോ, മറ്റ് വിശ്വാസികളുമായോ ഉള്ള സാമൂഹിക ബന്ധങ്ങളുമായും കൂട്ടായ പ്രാർത്ഥനകളുമായും ബന്ധപ്പെട്ടിരിക്കുന്നു. എഐയുമായി മാത്രമുള്ള സംവാദം ഈ വൈകാരിക ബന്ധം ഇല്ലാതാക്കാൻ ഇടയാക്കും. സങ്കീർണ്ണമായ മതപരമായ വാചകങ്ങളും തത്വങ്ങളുമൊക്കെ എഐ തെറ്റായി വ്യാഖ്യാനിക്കാനും, ഇത് തെറ്റിദ്ധാരണകളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ചുരുക്കത്തിൽ, എഐയെ ഒരു ആത്മീയ ഉപകരണം എന്ന നിലയിൽ ഉപയോഗിക്കുന്നത് സൗകര്യപ്രദമാണെങ്കിലും, മനുഷ്യൻ്റെ യഥാർത്ഥ ആത്മീയ അനുഭവം എഐക്ക് പകരംവെക്കാൻ സാധിക്കുമോ എന്ന ചർച്ചകളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.
എഐ ഇന്ന് ഒരു അൽഗോരിതം മാത്രമല്ല, ഒരു ആത്മീയ സാധ്യത കൂടിയാണ്. ഏകാന്തതയിൽ ഒരു കൈത്താങ്ങ്, ചോദ്യങ്ങൾക്ക് ഒരു ഉത്തരം. പക്ഷേ, നമ്മുടെ ആത്മാവിൻ്റെ ഉത്തരങ്ങൾ ഒരു മെഷീൻ്റെ കോഡിനുള്ളിൽ ഒതുക്കാൻ കഴിയുമോ. കാത്തിരുന്ന് കാണാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here