AI വീഡിയോകളെ ആയുധമാക്കി രാഷ്ട്രീയ പ്രചാരണം; കൊണ്ടും കൊടുത്തും പാർട്ടികൾ; ബീഹാറിലും അസമിലും വൻ വിവാദം

എ ഐ രാഷ്ട്രീയ ഭൂമികയിലും ഇടപെടൽ നടത്തി തുടങ്ങിയിരിക്കുന്നു. ബീഹാറിലും അസമിലും ഇലക്ഷൻ ക്യാമ്പയിന്റെ ഭാഗ്യമായി രാഷ്ട്രീയ പാർട്ടികൾ പുറത്തിറക്കിയ വീഡിയോകൾ വിവാദത്തിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരബെൻമോദി കഥാപാത്രമായി വരുന്ന 36 സെക്കൻ്റ് ദൈർഘ്യമുള്ള എഐ വിഡിയോ ആണ് ബിഹാറിലെ വിവാദ വിഷയം.
ഉറങ്ങിക്കിടക്കുന്ന നരേന്ദ്രമോദി തന്റെ അമ്മയെ സ്വപ്നം കാണുന്നതും തന്നെ ഉപയോഗിച്ചു വോട്ട് നേടരുതെന്ന് അമ്മ മോദിയോട് ഉപദേശിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമ്മയുടെയും എഐ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് കോൺഗ്രസിനോട് പട്‌ന ഹൈക്കോടതി നിർദേശിച്ചു.
Also Read : ക്ലൈമാക്സിൽ നായകന് ജീവൻ നൽകി AI; പൊട്ടിത്തെറിച്ച് ധനുഷ്
അസമിൽ വിവാദമായിരിക്കുന്നത് ബിജെപി സൃഷ്ടിച്ച എഐ വീഡിയോ ആണ്. ബിജെപിയില്ലാത്ത അസം എന്ന പേരിലാണ് എക്സ് ഹാൻഡിലിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മുസ്ലീങ്ങളെ മോശമായി ചിത്രകരിക്കുന്ന വീഡിയോക്കെതിരെ സോഷ്യൽ മീഡിയയിലടക്കം രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
അസമിലെ പ്രധാന സ്ഥലങ്ങളിൽ മുസ്ലിം വേഷധാരികളായ ആളുകൾ കൂട്ടംകൂടി നിൽക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ചില രാഷ്ട്രീയകക്ഷികൾ അനധികൃത കുടിയേറ്റത്തെ പിന്തുണയ്ക്കുന്നു എന്ന സന്ദേശവും വീഡിയോയിൽ ഉണ്ട്. കോൺഗ്രസ് നേതാക്കളെ പാകിസ്ഥാനുമായി ബന്ധിപ്പിച്ചുള്ള എഐ വീഡിയോകളും പ്രചരിപ്പിക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കൾ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറുമായി ഫോണിൽ സംസാരിക്കുന്ന രീതിയിലുള്ള വീഡിയോകളും പ്രചരിച്ചിച്ചിരുന്നു. രാഷ്ട്രീയത്തിൽ എഐ സാങ്കേതികവിദ്യയെ എതിരാളികൾക്കെതിരെയുള്ള ആയുധമാക്കി ഉപയോഗിക്കുന്ന പുത്തൻ പ്രവണതയ്ക്കാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here