എന്‍എസ്എസിന് ലഭിച്ച അനുകൂല വിധി എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണം; എയ്ഡഡ് സ്‌കൂള്‍ നിയമനത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സംസ്ഥാന സര്‍ക്കാരും ക്രൈസ്തവ സഭകളും തമ്മില്‍ നിലനില്‍ക്കുന്ന എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ പരിഹാരം ഉറപ്പാക്കാന്‍ നടപടി.
ഭിന്നശേഷി സംവരണത്തില്‍ എന്‍എസ് എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്ക് കൂടി അടിയന്തരമായി ബാധകമാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. സര്‍ക്കാരിന്റെ അപേക്ഷ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ ശശി നാളെയോ, മറ്റന്നാളോ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യും.
ഭിന്നശേഷി സംവരണ തസ്തികകള്‍ ഒഴിച്ചിട്ട ശേഷം മറ്റു നിയമനങ്ങള്‍ അംഗീകരിക്കണമെന്ന് എന്‍എസ്എസ് മാനേജ്‌മെന്റിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി എന്‍എസ്എസിന് മാത്രം ബാധകം എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇതിലാണ് ക്രൈസ്തവ മാനേജ്‌മെന്റുകള്‍ അടക്കം വലിയ എതിര്‍പ്പ് ഉന്നയിച്ചത്. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ച് വ്യക്തത വരുത്താന്‍ തീരുമാനം എടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ക്രൈസ്തവ സഭകള്‍ നിയമ മന്ത്രി പി രാജീവുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചാണ് കേരളത്തത്തിലെ എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണവും സംബന്ധിച്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here