ഐസക് ജോർജ് ലോകത്തോട് വിട പറഞ്ഞു; ഒപ്പം 6 പേർക്ക് പുതുജീവനും

ഐസക് ജോർജ് എന്ന 33 കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് എറണാകുളത്തെ ലിസി ഹോസ്പിറ്റലിൽ എത്തി കഴിഞ്ഞു. ആ ഹൃദയം ഇനി പുതുജീവൻ നൽകുന്നത് അങ്കമാലി സ്വദേശിയായ 28 വയസുള്ള അജിൻ ഏലിയാസിനാണ്. ഒപ്പം മറ്റ് ആറു പേർക്കും. ഈ ആറുപേരിലൂടെയാണ് ഐസക് ഇനി ജീവിക്കുക.
കൊല്ലം സ്വദേശിയായ ഐസക് ജോർജിന്റെ ഹൃദയമാണ് ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിൻ ഏലിയാസിന് മാറ്റിവയ്ക്കുന്നത്. ആറ് അവയവങ്ങളാണ് ഐസക്ക് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകൾ, കരൾ, രണ്ടു കോർണിയ എന്നീ അവയവങ്ങളാണ് 6 പേർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഐസക് നൽകിയത്.
കഴിഞ്ഞ ആറാം തീയതിയാണ് കൊല്ലം കൊട്ടാരക്കരയിൽ വച്ച് ഐസക് ജോർജ് വാഹന അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്നാണ് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ആംബുലൻസ് മാർഗമാണ് ഹൃദയം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. അവിടെ നിന്നാണ് എയർ ആംബുലൻസിൽ ലിസി ആശുപത്രിയിൽ എത്തിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here