‘കുഷ്’ അടിച്ച് കുഷായി നടക്കുന്നവരുടെ എണ്ണം പെരുകുന്നു; മനുഷ്യ അസ്ഥി പൊടിച്ചുണ്ടാക്കുന്ന രാസലഹരി വ്യാപകം

ഇങ്ങനെയും മയക്കുമരുന്നോ എന്ന് നിങ്ങള്‍ മൂക്കത്ത് വിരല്‍ വെച്ച് ചോദിച്ചേക്കാം. അന്താരാഷ്ട്ര മയക്കുമരുന്നു ലോബി ഇപ്പോള്‍ ലോകത്താകമാനം വിറ്റഴിക്കുന്ന കുഷ് (Kush) എന്ന മാരക ലഹരി മനുഷ്യ അസ്ഥികള്‍ പൊടിച്ചുണ്ടാക്കുന്നതാണ്. ഇക്കഴിഞ്ഞ ദിവസം കൊളംബോ എയര്‍പോര്‍ട്ടില്‍ ഒരു മുന്‍ എയര്‍ ഹോസ്റ്റസ് വന്‍ തോതില്‍ കുഷ് കടത്താൻ ശ്രമിച്ച് പിടിക്കപ്പെട്ടതോടെയാണ് ഈ ലഹരിയുടെ ഭീകരത ചര്‍ച്ചയാവുന്നത്.

28 കോടി രൂപയുടെ ലഹരിയാണ് ഷാര്‍ലറ്റ് മേ ലി (Charlotte May Lee ) എന്ന ബ്രിട്ടീഷ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്. തന്റെ ലഗേജില്‍ മയക്കുമരുന്ന് എങ്ങനെ വന്നു എന്ന് അറിയില്ലെന്നാണ് 21 കാരിയായ ഷാര്‍ലെറ്റിന്റെ നിലപാട്. ശ്രീലങ്കയില്‍ 25 വര്‍ഷം വരെ തടവുകിട്ടാവുന്ന കുറ്റമാണിത്. വിവിധതരം വിഷവസ്തുക്കള്‍ ചേര്‍ത്താണ് ‘കുഷ്’ നിര്‍മിക്കുന്നത്. അതിലെ പ്രധാന ചേരുവയാണ് പൊടിച്ച മനുഷ്യ അസ്ഥി. ഏകദേശം 45 കിലോഗ്രാം കുഷ് അടങ്ങിയ സ്യൂട്ട്‌കേസുകളാണ് ഷാര്‍ലറ്റ് കടത്തിയത്.
എന്താണ് കുഷ്, എവിടെയാണ് നിര്‍മ്മിക്കുന്നത്?
മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന വിഷ രാസവസ്തുവായ അസെറ്റോണ്‍ (acetone) ഒപിയോയിഡ് ട്രമാഡോള്‍ (Opioid Tramadol) ഫോര്‍മാലിന്‍ (Formalin) എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാരക രാസ വസ്തുക്കള്‍ക്കൊപ്പം കഞ്ചാവും മനുഷ്യ അസ്ഥികളും പൊടിച്ചു ചേര്‍ത്താണ് കുഷ് നിര്‍മ്മിക്കുന്നത്.
ഹിന്ദുക്കുഷ് മലനിരകളിലുണ്ടാകുന്ന കഞ്ചാവ് പൊതുവെ അന്താരാഷ്ട്ര വിപണിയില്‍ കുഷ് എന്നാണറിയപ്പെടുന്നത്. അപകടകരമായ രാസലഹരിയാണിത്. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലാണ് (Sierra Leone) കുഷിന്റെ പ്രധാന നിര്‍മ്മാണ കേന്ദ്രങ്ങള്‍. 2022 മുതലാണ് കുഷ് അന്താരാഷ്ട്ര ലഹരി മാര്‍ക്കറ്റില്‍ കച്ചവടം പിടിച്ചു തുടങ്ങിയത്.

സിയറ ലിയോണിലെ ആയിരക്കണക്കിന് ശവക്കല്ലറകള്‍ മാഫിയാ സംഘങ്ങള്‍ തകര്‍ത്ത് അസ്ഥികൂടങ്ങള്‍ ശേഖരിക്കുകയാണ്. ഇതിന് പുറമേ ആ രാജ്യത്തെ യുവാക്കളില്‍ ബഹുഭൂരിപക്ഷവും മയക്കുമരുന്നിന് അടിമകളായ സാഹചര്യത്തില്‍ പ്രസിഡന്റ് ജൂലിയസ് മാഡാ ബയോ (Julius Maada Bio) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
കുഷ് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ- മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കുഷ് ഉപയോഗിക്കുന്ന സിയറ ലിയോണിലെ ബഹുഭൂരിപക്ഷം യുവാക്കളുടേയും കാലുകളില്‍ വീക്കവും ശരീരത്തില്‍ അണുബാധയും ഉണ്ടാകുന്നത് പതിവാണ്. മുറിവുണ്ടായാല്‍ ഉണങ്ങാന്‍ സാധ്യത വളരെ കുറവാണ്.

കുഷ് ഉപയോഗിച്ച് മരിച്ചവരുടെ ഔദ്യോഗിക കണക്കുകള്‍ അവിടെ ഇപ്പോഴും ലഭ്യമല്ല. എന്നാല്‍ ആഴ്ചയില്‍ ഒരു ഡസനോളം പേർ മരിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നു. മൃതദേഹങ്ങള്‍ പലപ്പോഴും തെരുവുകളില്‍ നിന്നും ചേരികളില്‍ നിന്നും കണ്ടെടുക്കാറുണ്ട് . ലഹരി മാഫിയാ സംഘങ്ങള്‍ ലോകവ്യാപകമായി കുഷ് എത്തിക്കുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here