ഐഷാ പോറ്റി വര്‍ഗവഞ്ചക, സ്ഥാനങ്ങളോട് ആര്‍ത്തി; പണി തുടങ്ങി സിപിഎം

സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷാ പോറ്റിക്കെതിരെ സിപിഎം നേതാക്കളും സൈബര്‍ സംഘങ്ങളും ആക്രമണം തുടങ്ങി. കൊല്ലത്ത് നിന്നുളള മുതിര്‍ന്ന നേതാവ് മേഴ്‌സികുട്ടിയമ്മ ആണ് ആദ്യം വിമര്‍ശനവുമായി രംഗത്ത് എത്തിയത്. വര്‍ഗവഞ്ചക എന്ന വിശേഷണമാണ് ഐഷ പോറ്റിക്ക് നല്‍കിയത്.

സ്ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന് ഉദാഹരണമാണ് ഐയിഷാ പോറ്റി. ഈ വഞ്ചനയെ നേരിടാനുള്ള കരുത്ത് കൊല്ലത്തെ പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകാനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടെന്ന് കരുതുന്നുമില്ല. ദീര്‍ഘകാലമായി പാര്‍ട്ടി എല്ലാവിധ അംഗീകാരങ്ങളും നല്‍കി ചേര്‍ത്തുപിടിച്ച്, വളര്‍ത്തിയ ആളാണ് ഐഷാ പോറ്റി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് ടേം എംഎല്‍എ, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷന്റെ എക്സിക്യുട്ടീവ് തുടങ്ങി ബഹുജനസംഘടനാ തലത്തിലും പാര്‍ട്ടി തലത്തിലും ജനാധിപത്യ വേദികളിലും അര്‍ഹതപ്പെട്ടതിന് അപ്പുറമുള്ള സ്ഥാനമാനങ്ങളും പാര്‍ട്ടി നല്‍കിയതാണെന്നും മേഴ്‌സികുട്ടിയമ്മ പറഞ്ഞു.

ഐഷ പോറ്റി വഹിച്ച 15 വര്‍ഷത്തെ എംഎല്‍എ പദവിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ചൂണ്ടി കാട്ടിയാണ് സൈബര്‍ ഇടങ്ങളിലെ പ്രതികരണങ്ങള്‍. ഒപ്പം ഒരു സ്ഥാനവും ലഭിക്കാത്ത ആയിരക്കണക്കിന് അണികളുടെ കാര്യവും പലരും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ ഇതുവരേയും ഈ വഇഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

രാവിലെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ തന്നെ തന്നെ വര്‍ഗ വഞ്ചന അടക്കമുള്ള വിളികള്‍ സിപിഎമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഐഷ പോറ്റി പറഞ്ഞിരുന്നു. തന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തനമാണ് ഇത്രത്തോളം ആക്കിയത്. അധികാരമോഹിയല്ല. മനുഷ്യനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കുമൊപ്പം ഇനിയും കാണും. സിപിഎം അണികളോട് ഒരു പ്രശ്നവുമില്ലെന്നും ഐഷ പോറ്റി പ്രതികരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top