എകെ ആന്റണി ലക്ഷ്യം വച്ചതെന്ത്… യുഡിഎഫ് ക്യാമ്പിൽ ആശങ്കയൊഴിയുന്നില്ല

പിണറായി വിജയൻ നിയമസഭയിൽ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയെന്ന മട്ടിലാണ് ഏറെക്കാലത്തിന് ശേഷം ഒരു വാർത്താ സമ്മേളനവുമായി എകെ ആന്റണി രംഗത്തെത്തിയത്. പ്രത്യക്ഷത്തിൽ ഇതാണ് ചിത്രമെങ്കിലും ആൻ്റണി മുന്നോട്ടുവച്ച ആവശ്യങ്ങളും, മറ്റു പരാമർശങ്ങളും പരിഗണിച്ചാൽ കോൺഗ്രസുകാർക്ക് അതത്ര ദഹിക്കുന്നതല്ല. പിണറായി പരാമർശിച്ച മുത്തങ്ങ, ശിവഗിരി സംഭവങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവിടണം എന്നതായിരുന്നു പ്രധാനമായി ആന്റണി ആവശ്യപ്പെട്ടത്. ഇവയാകട്ടെ വർഷങ്ങൾക്ക് മുമ്പേ പുറത്തുവന്നതാണ്. അതുകൊണ്ട് തന്നെ മുതിർന്ന വർക്കിങ് കമ്മറ്റിയംഗത്തിൻ്റെ അനവസരത്തിലെ വാർത്താസമ്മേളനം ചെന്നുപതിച്ചിരിക്കുന്നത് സംസ്ഥാന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രതീക്ഷകളിലാണ്.
കോണ്‍ഗ്രസ് ഒരിക്കലും ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കാത്ത രണ്ടുവിഷയങ്ങളാണ് ശിവഗിരി മഠത്തിലെ പോലീസ് അതിക്രമവും മാറാട് കലാപവവും. ഇവയിൽ ശിവഗിരി, മാറാട് ജുഡീഷ്യല്‍ അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ അതത് കാലത്ത് തന്നെ പുറത്തുവന്നവയാണ്. അവ ഇപ്പോഴും നിയമസഭയുടെ വെബ്‌സൈറ്റുകളില്‍ ലഭ്യവുമാണ്. മുത്തങ്ങ സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിയിലാണ് സമര്‍പ്പിച്ചത്. അതും പുറത്തുവന്നതാണ്. അതുകൊണ്ടുതന്നെ ഈ വാർത്താ സമ്മേളനത്തിന് പിന്നില്‍ ലക്ഷ്യം വേറെയായിരുന്നു എന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പും പിണറായിയും ആന്റണിയും പരാമര്‍ശിച്ചുവെങ്കിലും ആരും അതത്ര കാര്യമാക്കുന്നില്ല.
പഴയ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനപോലെയായിപ്പോയി വാർത്താ സമ്മേളനം നടത്തികൊണ്ടുള്ള ആന്റണിയുടെ മറുപടിയെന്ന വികാരമാണ് യുഡിഎഫില്‍ പൊതുവിലുള്ളത്. ശിവഗിരിയിലെ പോലീസ് ഇടപെടലും മാറാട് കലാപവവും ഈ സമയത്ത് ചര്‍ച്ചയാകുന്നത് ഒരുതരത്തിലും യുഡിഎഫിനും കോൺഗ്രസിനും ഗുണകരമാവില്ലെന്ന് മാത്രമല്ല വലിയ തിരിച്ചടിക്കുള്ള വിഷയമായി മാറുകയും ചെയ്യുമെന്ന അഭിപ്രായമാണ് നേതൃത്വത്തിനുള്ളത്. ശിവഗിരിയുമായി ബന്ധപ്പെട്ട പഴയ കാര്യങ്ങള്‍ ഇതിനകം തന്നെ ഇടതുപക്ഷ സൈബര്‍ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ച് തുടങ്ങിയിട്ടുമുണ്ട്. ഇതിനിടയിൽ എറണാകുളത്ത് നിന്നുള്ള ലൈംഗിക അപവാദ വിവാദം ഉയർന്നതാണ് എകെ ആൻ്റണി ഉയർത്തിയ വിഷയത്തിന്മേലുള്ള ചർച്ചയെ അൽപം വഴിമാറ്റിയത്.
ശിവഗിരി, മാറാട് വിഷയങ്ങള്‍ യുഡിഎഫിന്റെ വോട്ട് അടിത്തറയിളക്കാന്‍ തന്നെ ഉപകരിക്കുന്ന ഒന്നായി വീണ്ടും മാറുമോയെന്നാണ് പേടി. അടിയന്തിരപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും മറ്റും തന്നെ കുറ്റക്കാരനായി ചിത്രീകരിച്ചപ്പോള്‍ സഭയിലുണ്ടായിരുന്ന അംഗങ്ങള്‍ അതിനെ പ്രതിരോധിച്ചില്ലെന്ന പരിഭവത്തിൻ്റെ പേരിലാണ് ആന്റണി യുഡിഎഫിനെ തന്നെ വെട്ടിലാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും പുറത്തുവിടണമെന്ന ആവശ്യം, ആൻ്റണിയെ പോലെ മുഖ്യമന്ത്രി കസേരയിലിരുന്ന ഒരാൾ ഉന്നയിച്ചതാണ് പലർക്കും സംശയകരമായി തോന്നുന്നത്. കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകള്‍ തന്നെ ആന്റണിയുടെ വാർത്താ സമ്മേളനത്തിനെതിരെ രംഗത്തുവരികയും ചെയ്തിട്ടുണ്ട്.
Also Read: ഭരണമാറ്റത്തിന് കേരളം പാകമായെന്ന് എ കെ ആൻ്റണി… വഴക്കുണ്ടാക്കി നശിപ്പിക്കരുതെന്ന് സാരോപദേശം !!
ശിവഗിരി മഠത്തിലെ പോലീസ് അതിക്രമവും മാറാട് കലാപവും ബിജെപിയുമായി കോണ്‍ഗ്രസിനെ കൂട്ടിക്കെട്ടാൻ ഇടതുപക്ഷം എക്കാലത്തും ഉപയോഗിച്ചിട്ടുണ്ട്. അത് നന്നായി അറിയുന്ന ആൻ്റണി തന്നെ അവയെ വീണ്ടും കുത്തിപ്പൊക്കിയതാണ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. ശിവഗിരി മഠത്തിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്വാമി പ്രകാശാനന്ദ പക്ഷത്തിന് അധികാരം കൈമാറാന്‍ ശാശ്വതീകാനന്ദ പക്ഷം തയാറാകാതിരുന്നതാണ് അവിടെ പ്രശ്‌നമായത്. അധികാരകൈമാറ്റം ഉറപ്പാക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഈ ഉത്തരവ് നടപ്പാക്കാനാണ് 1995 ഒക്‌ടോബര്‍ 11ന് പോലീസ് ശിവഗിരയില്‍ കയറി, അത് അക്രമത്തില്‍ കലാശിച്ചത്. ശിവഗിരിയില്‍ കടന്നുകയറാന്‍ ബിജെപി ശ്രമം തുടങ്ങിയ സമയം കൂടിയായിരുന്നു അത്.
അന്ന് പിഡിപിയും അബ്ദുൽ നാസർ മഅദ്‌നിയും ശാശ്വതീകാനന്ദ പക്ഷത്തിന് പിന്തുണയുമായി അവിടെയുണ്ടായിരുന്നു. പ്രകാശാനന്ദ പക്ഷത്തിന് ബിജെപിയുടെ പിന്തുണയും ഉണ്ടായിരുന്നു. പോലീസിന്റെ കടന്നുകയറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ആന്റണിയെ കുറ്റവിമുക്തനാക്കിയെങ്കിലും വിഷയം അതിലുമപ്പുറമാണ്. ഈ സംഭവത്തോടെയാണ് ഈഴവ സമുദായം കോണ്‍ഗ്രസില്‍ നിന്നകന്നത്. ബിജെപിയുമായുള്ള ആന്റണിയുടെ ഒത്തുകളിയാണ് ഇതിന് പിന്നില്‍ എന്ന ആരോപണമാണ് അന്ന ശാശ്വതികാനന്ദ പക്ഷവും ഇടതുമുന്നണിയും ഉയര്‍ത്തിയതും. അത് വീണ്ടും ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസിന് ഗുണകരമാവില്ല.
സമാനമായ കാര്യമാണ് മാറാടുമുള്ളത്. മാറാട് സംഘപരിവാറിന്റെ പിന്തുണയോടെ നടന്ന അതിക്രമങ്ങള്‍ക്ക് മുഖ്യമന്ത്രിയായിരുന്ന ആന്റണി കുടപിടിച്ചുവെന്ന ആരോപണം ഇടതു കേന്ദ്രങ്ങൾ മാത്രമല്ല, അന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ മുരളീധരൻ പോലും ഉയർത്തി. മാറാട് കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ സമയത്ത് ആന്റണിക്കൊപ്പം ഉണ്ടായിരുന്ന പികെ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കണമെന്ന സംഘപരിവാറിന്റെ ആവശ്യം ആന്റണി അംഗീകരിച്ചതും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളും അതിനുശേഷം ഉണ്ടാക്കിയ കരാറുകളും സംഘപരിവാറിന് ഗുണകരമായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനെല്ലാം പിന്നാലെയാണ് ആന്റണിയുടെ വിവാദമായ ന്യൂനപക്ഷവിരുദ്ധ പ്രസ്താവന ഉണ്ടായത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിനെ തോൽവിയിലേക്ക് എത്തിച്ചത് ഈ സംഭവങ്ങളാണ്. ഇവയാണ് കോണ്‍ഗ്രസിനെ ബിജെപിയുമായി കൂട്ടികെട്ടാൻ എക്കാലവും ഇടതുപക്ഷം ഉപയോഗിച്ചതും. പിണറായിയുടെ ഒരു പരാമര്‍ശത്തോടെ അത് തീരുമെന്ന് കരുതിയാണ് നിയമസഭയിൽ മൗനം പാലിച്ചതെന്നാണ് കോണ്‍ഗ്രസ് എംഎൽഎമാരുടെ പ്രതികരണം. എന്നാല്‍ ആന്റണി തന്നെ ഇവ വീണ്ടും ചര്‍ച്ചയാക്കിയത് കാര്യങ്ങൾ സങ്കീര്‍ണമാക്കുമെന്നും, തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഇത് ഉപയോഗിക്കുമെന്നും, ഡാമേജ് കൺട്രോളിന് പുതിയ വഴികൾ തേടേണ്ടിവരുമെന്നും യുഡിഎഫ് ക്യാമ്പില്‍ ആശങ്കയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here