താൻ ഈമാനുള്ള കമ്യൂണിസ്റ്റ്; ജമാഅത്തെ ഇസ്‌ലാമിക്ക് എ കെ ബാലന്റെ മറുപടി

തനിക്കെതിരെയുള്ള മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോകേണ്ടി വന്നാൽ താൻ ഖുർആൻ പരിഭാഷ വായിച്ചുതീർക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. മാറാട് കലാപം പരാമർശിച്ചതിന്റെ പേരിൽ ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. താൻ ഒരു ഈമാനുള്ള കമ്യൂണിസ്റ്റ് ആണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.
ഖുർആൻ തനിക്ക് ഇഷ്ടപ്പെട്ട മതഗ്രന്ഥമാണെന്നും ഹൈക്കൽ എഴുതിയ ഇംഗ്ലീഷ് പരിഭാഷയുടെ മലയാള തർജ്ജമ താൻ ആർത്തിയോടെ വായിച്ചിട്ടുണ്ടെന്നും ബാലൻ പറഞ്ഞു. ജയിലിൽ പോകുകയാണെങ്കിൽ ആദ്യം ചെയ്യുന്ന കാര്യം ഖുർആൻ വായന പൂർത്തിയാക്കുക എന്നതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. താൻ കപട വിശ്വാസിയല്ലെന്നും തൊഴിലാളിവർഗ്ഗത്തോടു കൂറുള്ള വിശ്വാസിയാണെന്നുമാണ് ബാലന്റെ അവകാശവാദം. “ഞാൻ ഈമാനുള്ള ഒരു കമ്യൂണിസ്റ്റാണ്, എന്റെ ജീവിതത്തിൽ കാപട്യമില്ല,” എന്ന് അദ്ദേഹം പറഞ്ഞു.
Also Read : മാസപ്പടി വിഷയത്തിൽ എ കെ ബാലന് മറുപടിയുമായി മാത്യു കുഴൽനാടൻ
മാറാട് കലാപവുമായി ബന്ധപ്പെട്ട പ്രസ്താവന പിൻവലിക്കില്ലെന്നും മാപ്പ് പറയാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട വക്കീൽ നോട്ടീസ് തനിക്ക് ലഭിച്ചു. എന്നാൽ പത്ത് പൈസ പോലും തന്റെ കൈയിൽ നിന്ന് കിട്ടുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. തന്നെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നതെന്ന് ബാലൻ ആരോപിച്ചു. മുസ്ലിംകൾക്കിടയിൽ ജീവിച്ചവനാണ് താനെന്നും ഇസ്‌ലാമിക പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മാറാട് കലാപത്തിൽ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള എ.കെ ബാലന്റെ പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നാണ് സംഘടനയുടെ നിലപാട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here