74ലക്ഷം വാങ്ങി ഡോക്ടർമാരെ വിരിയിച്ചെടുക്കുന്ന അൽ ഫലാഹ് യൂണിവേഴ്സിറ്റി; ഡൽഹി സ്ഫോടനക്കേസ് കേന്ദ്രീകരിക്കുന്നത് ഇവിടെ

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെയും സ്ഫോടകവസ്തു ശേഖരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് അൽ-ഫലാഹ് യൂണിവേഴ്സിറ്റി. ഹരിയാന-ഡൽഹി അതിർത്തിയിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ അകലെയാണ് ഈ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്.

ഫരീദാബാദിലെ ധൗജിലുള്ള യൂണിവേഴ്സിറ്റി കാമ്പസിൽ പൊലീസ് തുടർച്ചയായി കയറിയിറങ്ങുകയാണ്. അവിടത്തെ 52 ഡോക്ടർമാരെ ഇതിനകം ചോദ്യം ചെയ്തു. ഡോ മുസമ്മിൽ ഷക്കീൽ, ഡോ ഷഹീൻ ഷാഹിദ്, ഡോ ഉമർ മുഹമ്മദ് എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ തേടുന്നത്. ഈ മൂന്ന് പേരും വൻതോതിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ച് ഡൽഹിയിൽ വലിയ ആക്രമണം നടത്താൻ പദ്ധതിയിട്ട ജെയ്‌ഷ്-ഇ-മുഹമ്മദ് തീവ്രവാദ മൊഡ്യൂളുമായി ബന്ധമുള്ളവരാണെന്നാണ് ആരോപണം. ഈ മൊഡ്യൂളിന് പഴയ ഡൽഹി കാർ സ്ഫോടനവുമായും ബന്ധമുണ്ടെന്നാണ് വിവരം.

2014ലാണ് 70 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന അൽ-ഫലാഹ് യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടത്. 1995ൽ രൂപീകരിച്ച ‘അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റി’ന് കീഴിലാണ് ഈ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. മെഡിക്കൽ സയൻസ്, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, തുടങ്ങി നിരവധി കോഴ്‌സുകൾ ഇവിടെയുണ്ട്. 2019 മുതൽ മെഡിക്കൽ സയൻസ് കോഴ്സുകൾ ആരംഭിച്ച ഇവിടെ 650 കിടക്കകളുള്ള ആശുപത്രിയും ഉണ്ട്. ഒരു വിദ്യാർത്ഥിക്ക് എംബിബിഎസ് കോഴ്‌സിന് 74.50 ലക്ഷം രൂപയാണ് ഫീസ്. ഇതിന് പുറമെ ഹോസ്റ്റൽ ഫീസും ഉണ്ട്. ഇവിടെ പഠിക്കുന്നവരിൽ 40 ശതമാനത്തോളം കശ്മീരി വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ട്.

ഡോക്ടർ മുസമ്മിൽ കാമ്പസിന് പുറത്ത് വാടകയ്ക്ക് എടുത്ത മുറികളിൽ നിന്ന് ഏകദേശം 2,900 കിലോഗ്രാം ബോംബ് നിർമ്മാണ വസ്തുക്കൾ കണ്ടെത്തി. ഇതേ മെഡിക്കൽ കോളേജിലെ മറ്റൊരു ഡോക്ടറായ ഡോ. ഷഹീൻ അറസ്റ്റിലായത് അവരുടെ കാറിൽ നിന്ന് ആക്രമണത്തിന് ഉപയോഗിക്കുന്ന റൈഫിളുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ്. സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത വാർത്ത പുറത്തുവന്നതിന് മണിക്കൂറുകൾക്ക് ശേഷമാണ് റെഡ് ഫോർട്ടിനടുത്ത് കാർ പൊട്ടിത്തെറിച്ചത്. ഈ കാർ ഓടിച്ചിരുന്ന ഡോ ഉമറും അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ യൂണിവേഴ്സിറ്റിയെക്കുറിച്ച് വരുന്ന ആരോപണങ്ങളിൽ അധികൃതർ ആശങ്ക രേഖപ്പെടുത്തി.”സംഭവിച്ച ദൗർഭാഗ്യകരമായ കാര്യങ്ങളിൽ യൂണിവേഴ്സിറ്റിക്ക് അങ്ങേയറ്റം ദുഃഖമുണ്ട്. ഈ വിഷയത്തിൽ പ്രതികളായി പിടിയിലായവർക്ക് യൂണിവേഴ്സിറ്റിയിലെ ജോലിയുമായി ബന്ധമല്ലാതെ മറ്റെന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതിൽ ഞങ്ങൾക്ക് പങ്കില്ല. യൂണിവേഴ്സിറ്റി പരിസരത്ത് സംശയകരമായ രാസവസ്തുക്കൾ ഒന്നുമില്ല,” എന്നാണ് വൈസ് ചാൻസലർ പ്രൊഫ ഡോ ഭൂപീന്ദർ കൗർ ആനന്ദ് പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top