നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണ ശ്രമം; ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിൽ വിട്ടിട്ടും ഫലമുണ്ടായില്ല.. ഒളിവിൽ പോയ പിതാവ് തിരിച്ചെത്തി

ആലപ്പുഴയിൽ പിതാവും രണ്ടാനമ്മയും ക്രൂരപീഡനത്തിനിരയാക്കി എന്ന വിവരം തുറന്നു പറഞ്ഞ നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണ ശ്രമം. കുട്ടിയുടെ പിതാവായ അൻസാറാണ് ആക്രമിക്കാൻ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലെത്തുകയും കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഈ സമയം കുട്ടിയും അൻസാറിന്റെ മാതാവും അടുത്ത വീട്ടിലായിരുന്നു.
പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും ക്രൂരപീഡനം ഏൽക്കേണ്ടി വന്ന വിവരം നാലാം ക്ലാസുകാരി കുറിപ്പിലൂടെ തുറന്നു പറഞ്ഞിരുന്നു. സ്കൂളിൽ എത്തിയ കുട്ടിയുടെ മുഖത്തും ശരീരത്തിലും പാടുകൾ കണ്ടതിനെ തുടർന്നാണ് അധ്യാപകർ കുട്ടിയോട് കാര്യം അന്വേഷിച്ചത്. അപ്പോഴാണ് അച്ഛനും രണ്ടാനമ്മയും അടിക്കുന്ന വിവരം നാലാം ക്ലാസുകാരി തുറന്നു പറയുന്നത്.
കുട്ടി തനിക്ക് നേരിട്ട അനുഭവങ്ങൾ എഴുതിയ ഒരു കത്തും അധ്യാപകർക്ക് ലഭിച്ചിരുന്നു. തനിക്ക് അമ്മയില്ല, രണ്ടാനമ്മയാനുള്ളത്, പ്ലേറ്റ് ചോദിച്ചപ്പോൾ കരണത്തടിച്ചു, ബാത്ത്റൂം ഉപയോഗിക്കാൻ അനുവദിക്കില്ല, സെറ്റിയിൽ ഇരുത്തില്ല, ഫ്രിഡ്ജ് തുറക്കാൻ അനുവദിക്കില്ല തുടങ്ങി നിരവധി കാര്യങ്ങളാണ് കുട്ടി കത്തിൽ എഴുതിയിരുന്നത്. തുടർന്നാണ് അധ്യാപകർ പോലീസിനെ വിവരം അറിയിക്കുന്നത്.
കേസെടുത്തതിന് പിന്നാലെ പിതാവായ അൻസാറും രണ്ടാനമ്മയായ ഷെഫിനെയും ഒളിവിൽ പോകുകയായിരുന്നു. കുട്ടിയെ ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിൽ അൻസാറിന്റെ വീട്ടിലേക്ക് മാറ്റി. അവിടെ വച്ചാണ് അൻസാർ കുട്ടിയെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നത് .
കുട്ടി ജനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ അമ്മ മരിച്ചിരുന്നു. ഒന്നര വർഷം കഴിഞ്ഞപ്പോൾ പിതാവ് രണ്ടാമത് വിവാഹം ചെയ്തു. പിതാവിന്റെ വീട്ടിലായിരുന്ന കുടുംബം ഒന്നര വർഷം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. അന്നുമുതലാണ് കുട്ടിക്ക് നേരെ ആക്രമണം ആരംഭിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here