നാലാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ജാതി അധിക്ഷേപം; കരിങ്കുരങ്ങെന്നും കരിവേടനെന്നും പേരിട്ട് ഹെഡ്മിസ്ട്രസ്.. കേസെടുത്ത് പൊലീസ്

ആലപ്പുഴ പേർക്കാട് എംഎസ്സി എൽപി സ്കൂളിൽ ജാതി അധിക്ഷേപം നടന്നതായി പരാതി. സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയ ഗ്രേസിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നാലാം ക്ലാസ് വിദ്യാർത്ഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിക്കുകയും കൂടാതെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനും പരാതി നൽകി.

ഹെഡ് മിസ്ട്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഒരു ദിവസം മുഴുവൻ കുട്ടിയെ മൂത്രം ഒഴിക്കാൻ പോലും വിടാതെ പിടിച്ചുവെച്ചു എന്നാണ് പരാതി. കൂടാതെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. നീയൊക്കെ പുലിയന്മാരാണ് നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല എന്നാണ് അധ്യാപിക പറഞ്ഞതെന്നാണ് മാതാവ് പരാതിയിൽ പറയുന്നത്.

കഴിഞ്ഞ ജൂൺ 18ന് ആയിരുന്നു സംഭവം. സ്കൂളിൽ നിന്ന് തിരികെ വന്ന കുട്ടിയുടെ കൈകളിൽ പാടുകൾ കണ്ടതിനെ തുടർന്നാണ് അമ്മ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചത്. അപ്പോഴാണ് ടീച്ചർ അടിക്കുകയും പിച്ചുകയും ചെയ്തു എന്ന് കുട്ടി പറയുന്നത്. കൂടാതെ തന്നെ ഇങ്ങനെയൊക്കെയാണ് അധ്യാപിക വിളിക്കുന്നതെന്നും പറഞ്ഞു.

അടുത്ത ദിവസം തന്നെ അമ്മ സ്കൂളിൽ എത്തി ടീച്ചറോട് കാര്യങ്ങൾ അന്വേഷിച്ചു. അപ്പോൾ എല്ലാവരും കേൾക്കെ നീയൊക്കെ പുലയരല്ലേ, അതുകൊണ്ട് ഇങ്ങനെയൊക്കെ കാണിക്കും എന്നാണ് അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്. എവിടെ വേണമെങ്കിലും പോയി പരാതി കൊടുത്തോളൂ തനിക്കൊരു ചുക്കും ഇല്ലെന്നാണ് അവർ പ്രതികരിച്ചത്. സംഭവത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top