ഇനിയെല്ലാം ഇലക്ഷൻ മോഡിൽ; പൊലീസ്- ആരോഗ്യ വകുപ്പുകൾക്ക് പാർട്ടിയുടെ ജാഗ്രതാനിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാരിന് സിപിഎമ്മിൻ്റെ അതീവ ജാഗ്രതാനിർദേശം. ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്ന വകുപ്പുകളായ ആരോഗ്യ, പോലീസ് വകുപ്പുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് മുഖ്യമന്ത്രി പിണറായി വിജയനും നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് ഉണ്ടാകുന്ന ചെറിയ പിഴവുകളെപ്പോലും പെരുപ്പിച്ച് കാട്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും സിപിഎം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Also Read: ബഡായി പറച്ചില്‍ അല്ലാതെ ഒന്നും ശരിയാകാത്ത പിണറായി ഭരണകാലം; ഡോ : ഹാരീസിനെ പൂട്ടാനുള്ള റിപ്പോര്‍ട്ടിലും വ്യക്തമാകുന്നത് വെന്റിലേറ്ററിലായ ‘സിസ്റ്റം’

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടി ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. അതിനുശേഷവും എസ്എടി ആശുപത്രിയുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയുമുണ്ട്. കഴിഞ്ഞ കുറേക്കാലമായി കേരളത്തിന്റെ ആരോഗ്യമേഖലയെ ലക്ഷ്യം വച്ചുകൊണ്ട് ഇത്തരം നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട് എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതനുസരിച്ചുളള ജാഗ്രത ഉണ്ടാകുന്നില്ലെന്നും മന്ത്രിയുടെ മേൽനോട്ടം കൂടുതൽ കാര്യക്ഷമമാകണം എന്നുമുള്ള അഭിപ്രായം പാർട്ടി തലപ്പത്തുണ്ട്.

Also Read: കത്തുകൾ പുറത്തുവിട്ട് ഡോ.ഹാരിസ്; പ്രതികരിച്ചത് വൈകാരികമായി.. ആരോഗ്യവകുപ്പിന്റെ വാദങ്ങൾ പൊളിയുന്നു

രണ്ടാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് കേരളത്തിന്റെ ആരോഗ്യരംഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തികൊണ്ട് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. പൊതുജനാരോഗ്യ മേഖലയിലുണ്ടായ വന്‍ കുതിച്ചുചാട്ടത്തില്‍ ഭീതിപൂണ്ടവരാണ് ഇതിന് പിന്നിലെന്നാണ് സിപിഎം നിലപാട്. സ്വകാര്യമേഖല ആരോഗ്യരംഗത്ത് വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ആശുപത്രികളുടെ നേട്ടങ്ങൾ അവര്‍ക്ക് തിരിച്ചടിയാണ്. അതിനെ പിന്നോട്ടടിക്കാനുഴള എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നും ചെറിയ പിഴവുകളെ വിവാദങ്ങളാക്കാനുള്ള ഇടപെടലുകൾ ഉണ്ടാകുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകുന്നു.

Also Read: ആ ഫോണ്‍വിളി പിണറായി സര്‍ക്കാരിന് ഇഷ്ടമായി; ഡോ: ഹാരിസിനെ കുരുക്കാന്‍ നേതൃത്വം നല്‍കിയ വിശ്വനാഥന് ഡിഎംഇയായി സ്ഥിരം നിയമനം

കഴിഞ്ഞദിവസം മെഡിക്കല്‍ കോളജിനും ഇന്നലെ എസ്എടി ആശുപത്രിക്കും നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നാണ് സിപിഎമ്മിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും നിലപാട്. എന്നാല്‍ ഇതിൽ രാഷ്ട്രീയമുതലെടുപ്പിനുള്ള പ്രതിപക്ഷ ശ്രമങ്ങൾ മുൻകൂട്ടി കാണണമായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടാകും. അതുകൊണ് എല്ലാ സംവിധാനങ്ങളും കര്‍ശനമായ ജാഗ്രത പുലര്‍ത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അതിനുവേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. വകുപ്പിനും മന്ത്രിക്കും ഇക്കാര്യത്തിൽ നിർദേശമുണ്ട്.

Also Read: അവയവദാനത്തിലും ക്രമക്കേട്; ആരോപണം ഉയർത്തിയ ഡോക്ടർക്ക് മെമ്മോ; പരസ്യ പ്രതികരണത്തിന് വിലക്ക്

ആരോഗ്യവകുപ്പ് മാത്രമല്ല, പോലീസും ശ്രദ്ധപുലര്‍ത്തണം. ജനങ്ങളുമായി ഏറെ ബന്ധപ്പെടുന്നതാണ് പോലീസ് സംവിധാനം. എല്ലായ്‌പ്പോഴും ആരോപണങ്ങളുടെ മുള്‍മുനയിലുമാണ് അവര്‍. എത്ര മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചാലും അവരില്‍ നിന്നുണ്ടാകുന്ന ചെറിയ വീഴ്ചപോലും സര്‍ക്കാരിനെയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കും. ഷാഫി പറമ്പലുമായി ബന്ധപ്പെട്ട് ഉണ്ടായത് പോലെയോ, തൃശൂരിലെ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാര്യത്തിലുണ്ടായ കസ്റ്റഡി മർദനം പോലെയോ ഒന്നും ഇനിയൊരെണ്ണം കൂടി ഈ തിരഞ്ഞെടുപ്പു കാലത്ത് താങ്ങാനാകില്ലെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. അതനുസരിച്ചുള്ള ജാഗ്രതയുണ്ടാകണം.

Also Read: വൈകി വന്ന വിവേകം; ക്രൂര മർദ്ദനത്തിൽ നടപടി; നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ

സമരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇനി എല്ലാ പ്രതിപക്ഷ കക്ഷികളും ശ്രമിക്കും. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യം തന്നെ പലർക്കും ഉണ്ടാകും. ആ പശ്ചാത്തലത്തില്‍ അനഭലഷണീയമായ ഒരു നടപടിയും പോലീസ് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി തന്നെ ചര്‍ച്ചചെയ്യുകയും ചെയ്തു. ഇനിയുള്ള ദിവസങ്ങളില്‍ ഈ വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്താന്‍ ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും നിര്‍ദ്ദേശവും നല്‍കികഴിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top