‘മറ്റെല്ലാം മാറ്റിവെച്ച് ‘SIR’ൽ ശ്രദ്ധ കേന്ദ്രീകരിക്കുക’; ബിജെപി പ്രവർത്തകരോട് യോഗി ആദിത്യനാഥ്

ബിജെപി എംഎൽഎമാർക്കും പാർട്ടി ഭാരവാഹികൾക്കും കർശന നിർദ്ദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറ്റെല്ലാം മാറ്റിവെച്ച് SIRന് മുൻ‌ഗണന നൽകാനാണ് നിർദേശം. അടുത്ത ഒരുമാസം മുഴുവൻ ഈ പ്രവർത്തനത്തിനായി നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ടർപട്ടികയിൽ പുതിയ ആളുകളെ ചേർക്കുന്നതിനും നിലവിലെ വിവരങ്ങൾ തിരുത്തുന്നതിനും വേണ്ടിയുള്ള ഈ നടപടി അതീവ ഗൗരവത്തോടെ കാണണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഓരോ ബൂത്തിലെയും പ്രവർത്തകർ വീടുകൾ തോറും കയറി ഇറങ്ങി SIR ഫോമുകൾ സമർപ്പിച്ചവരെയും അല്ലാത്തവരെയും കണ്ടെത്തണം. ഓരോ ബൂത്തിലും അഞ്ചു പുരുഷന്മാരും അഞ്ചു സ്ത്രീകളും അടങ്ങുന്ന 10 പേരുടെ ടീമുകളെ രൂപീകരിക്കണം എന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മണ്ഡലത്തിൽ നിന്ന് മാറിപ്പോയവരെയും പുതിയതായി വന്നുചേർന്നവരെയും സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ശേഖരിക്കണം. വിവാഹശേഷം പുതിയ വീട്ടിലേക്ക് മാറിയ സ്ത്രീകളുടെ പേര് പുതിയ വിലാസത്തിലെ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. നഗരങ്ങളിലെപ്പോലെ തന്നെ ഗ്രാമങ്ങളിലും വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായുള്ള ക്യാമ്പുകൾ സംഘടിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.

വോട്ടർ പട്ടികയുടെ പുനഃപരിശോധനയെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും, അതിനാൽ ബിജെപി പ്രവർത്തകർ തുല്യമായ പ്രതിബദ്ധതയോടെ പ്രതികരിക്കണമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. യഥാർത്ഥ വോട്ടർമാരെ ആരെയും ഒഴിവാക്കരുത്, അതേസമയം കള്ളവോട്ടർമാർ കടന്നുകയറാതിരിക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top