എല്ലാരും പറഞ്ഞു പറ്റിച്ചു, ‘രവീന്ദ്ര സംഗീത സന്ധ്യ’ നടത്തി സംഘാടകർ ലക്ഷങ്ങൾ നേടി, വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ലെന്ന് രവീന്ദ്രന്‍റെ ഭാര്യ ശോഭ

കൊച്ചി: മലയാള സിനിമയ്ക്ക് എന്നും ഓർക്കാൻ ഒരുപിടി നല്ല പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധായകനാണ് രവീന്ദ്രൻ മാഷ്. അദ്ദേഹം വിടവാങ്ങിയപ്പോൾ പ്രതിസന്ധിയിലായ ഭാര്യ ശോഭയെ സഹായിക്കാൻ ‘രവീന്ദ്ര സംഗീത സന്ധ്യ’ എന്ന പരിപാടി വഴി ലഭിച്ച ഏക ഫ്ലാറ്റ് വിൽക്കാൻ വിൽക്കാനൊരുങ്ങുകയാണ് ഭാര്യ ശോഭയിപ്പോൾ.
ഒൻപതു വർഷം മുൻപ് ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഇവന്റ് മാനേജ്‍മെന്റ് കമ്പനിയാണ് ‘രവീന്ദ്ര സംഗീത സന്ധ്യ’ എന്ന പരിപാടി സംഘടിപ്പിച്ചത്. ഒരു ഫ്ലാറ്റും 25 ലക്ഷം രൂപയും ശോഭയ്ക്ക് വാഗ്ദാനം ചെയ്തു. ഇതേത്തുടർന്നാണ് ശോഭ പ്രമുഖ ഗായകരെയും അഭിനേതാക്കളെയും സംഗീതജ്ഞരെയും പരിപാടിയിലേക്ക് ക്ഷണിച്ചത്.
യേശുദാസും കെ എസ് ചിത്രയും ഉൾപ്പടെ നിരവധി പ്രമുഖ ഗായകർ പ്രതിഫലം വാങ്ങാതെ പരിപാടിയിൽ പാട്ടുകൾ ആലപിക്കുകയും ചെയ്തു. പരിപാടിക്കുള്ള ഗ്രൗണ്ട് പോലും സൗജന്യമായാണ് ലഭിച്ചത്. പരിപാടിയിൽ വെച്ചുതന്നെ സ്പോൺസർമാരായ ക്രിസ്റ്റൽ ഗ്രൂപ്പ് ഫ്ലാറ്റിന്റെ താക്കോൽ ശോഭയ്ക്ക് കൈമാറി. പരിപാടിയുടെ സംപ്രക്ഷണാവകാശം ഒരു സ്വകാര്യ ചാനലിന് 56 ലക്ഷം രൂപയ്ക്ക് വിറ്റു. ഒന്നര കോടിയിലേറെ ലാഭമാണ് പരിപാടിയിലൂടെ സംഘാടകർ ഉണ്ടാക്കിയത്. എന്നാൽ മൂന്ന് ലക്ഷം രൂപയാണ് ശോഭയ്ക്ക് കൈമാറിയത്.
കിട്ടിയ ഫ്ളാറ്റിന് വൈദ്യുത കണക്ഷൻ പോലും ഉണ്ടായിരുന്നില്ല. ഫ്ലാറ്റ് രജിസ്റ്റർ ചെയ്തു നൽകാൻ ക്രിസ്റ്റൽ ഗ്രൂപ്പ് തയ്യാറായതുമായില്ല. ബാക്കി തുകയ്ക്കായി സംഘാടകരെ സമീപിച്ചെങ്കിലും അവരും സഹകരിച്ചില്ല. ക്രിസ്റ്റൽ ഗ്രൂപ്പ് അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ ഓരോ ഫ്‌ളാറ്റിനും 6 ലക്ഷം രൂപ വീതം വായ്പ എടുത്തതായി പിന്നീട് അറിഞ്ഞു. അവസാനം ഫ്‌ളാറ്റുകൾ റസിഡന്റ്‌സ് അസോസിയേഷനെ ഏൽപ്പിച്ചു. ലോൺ തീർപ്പാക്കാനുള്ള ചുമതല താമസക്കാരെയും. ശോഭ മൂന്ന് ലക്ഷം രൂപ കടമെടുതാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത് .
ഫ്ലാറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടപ്പോൾ താമസക്കാരെല്ലാം മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടി വന്നു. എന്നാൽ മൂന്നുമാസം പറഞ്ഞ അറ്റകുറ്റപ്പണികൾ ഒന്നര വർഷമായിട്ടും തീർന്നിട്ടില്ല. അസോ സിയേഷന് കൊടുക്കാനുള്ളതടക്കം 12 ലക്ഷം രൂപയാണ് ഫ്ളാറ്റിന് മേലുള്ള കടം. ഈ തുക കണ്ടെത്താൻ കഴിയാത്തതിനാൽ ഫ്ലാറ്റ് വിൽക്കാനാണ് തീരുമാനം.
ആരോടും പരാതിയും പരിഭവവും ശോഭയ്ക്ക് ഇല്ല. താൻ ദാരിദ്ര്യത്തിലല്ല, വിവാദങ്ങൾ ഉണ്ടാക്കാൻ ആഗ്രഹവും ഇല്ലെന്നാണ് ശോഭയുടെ നിലപാട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here