കത്തിയ നോട്ടുകെട്ടുകൾ വിനയായി; അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ ഹർജി സുപ്രീം കോടതി തള്ളി

അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്ക് വലിയ തിരിച്ചടിയായി സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. അദ്ദേഹത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്ന പാർലമെന്ററി പാനലിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
കഴിഞ്ഞ വർഷം മാർച്ച് 15ന് ഡൽഹിയിലുള്ള ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടുത്തം ഉണ്ടായപ്പോഴാണ് വിവാദങ്ങളുടെ തുടക്കം. തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീടിനുള്ളിൽ കൂട്ടിയിട്ടിരുന്ന നിലയിൽ കത്തിയ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തി. ഏകദേശം 15 കോടി രൂപയോളം അവിടെ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇത് ജുഡീഷ്യറിയിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു.
ജസ്റ്റിസ് ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അദ്ദേഹത്തിന്റെ ഹർജി തള്ളിയത്. ലോക്‌സഭാ സ്പീക്കർ ഏകപക്ഷീയമായാണ് അന്വേഷണ സമിതിയെ നിയോഗിച്ചത് എന്നായിരുന്നു ജസ്റ്റിസ് വർമ്മയുടെ വാദം. എന്നാൽ, ഈ വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ സുപ്രീം കോടതിയുടെ ആഭ്യന്തര സമിതി ഇദ്ദേഹത്തെ പുറത്താക്കാൻ ശുപാർശ ചെയ്തിരുന്നു.
ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. നിലവിൽ 146 എംപിമാർ ഒപ്പിട്ട പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ പാർലമെന്റ് രൂപീകരിച്ച സമിതി അന്വേഷണം തുടരും. അഴിമതി തെളിയിക്കപ്പെട്ടാൽ, ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് യശ്വന്ത് വർമ്മ മാറും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here