അധ്യാപകനും വിദ്യാര്‍ത്ഥിനിയും ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പീഡനമല്ല; പിരിച്ചുവിടാനുള്ള കാരണവുമല്ലെന്ന് കോടതി

പ്രയാഗ്രാജിലെ മോട്ടിലാല്‍ നെഹ്റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകനെ പിരിച്ചുവിട്ട നടപടി സ്‌റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് ചൂണ്ടികാട്ടിയാണ് അധ്യാപകനെ പിരിച്ചുവിട്ടത്. എന്നാല്‍ നടപടിക്കെതിരെ അധ്യാപകന്‍ ഹൈക്കോടതിയെ സമീപിക്കുക ആയിരുന്നു. വിദ്യാര്‍ത്ഥിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് എന്നാണ് അധ്യാപകന്‍ കോടതിയെ അറിയിച്ചത്.
1997 നും 2000 നും ഇടയില്‍ മാസ്റ്റേഴ്‌സ് കോഴ്സ് പൂര്‍ത്തിയാക്കിയ മുന്‍ വിദ്യാര്‍ത്ഥിനിയാണ് അധ്യാപകന് എതിരെ പരാതി നല്‍കിയത്. പഠന കാലത്ത് വൈകാരികവും ശാരീരികവുമായ ചൂഷണത്തിന് ഇരയായി. നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും വിദ്യാര്‍ത്ഥി പരാതിയില്‍ ആരോപിച്ചു. 2003ല്‍ നല്‍കിയ പരാതില്‍ അന്വേഷണ സമിതി തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയത്. അതും അധ്യാപകന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള തീരുമാനം എടുത്തശേഷവും. ഇതാണ് സംശയത്തിന് കാരണമായത്.
എന്നാല്‍ അധ്യാപകനില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഉയര്‍ന്ന ധാര്‍മ്മിക മൂല്യങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് 2006ല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. തുടര്‍ന്നാണ് ഹൈക്കോടതിയെ അധ്യാപകന്‍ സമീപിച്ചത്. അധ്യാപകനില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് ഹര്‍ജിക്കാരനില്‍ നിന്നുണ്ടായതെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഉഭയസമ്മതത്തോടെ ബന്ധത്തിലേര്‍പ്പെട്ടതിനെ പീഡനമായി കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ പിരിച്ചുവിടല്‍ എന്ന കഠിനമായ ശിക്ഷ ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here