‘കൂട്ടത്തോടെ വോട്ടർമാരെ ഒഴിവാക്കുന്നു എന്ന ആരോപണം പച്ചക്കള്ളം’; കോടതിയെ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ ആളുകളെ ഒഴിവാക്കുന്നു എന്ന ആരോപണങ്ങൾ തെറ്റാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കെട്ടിച്ചമച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.രാഷ്ട്രീയ നേട്ടങ്ങൾക്കായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കഥ മാത്രമാണ് ഈ ആരോപണമെന്നും കമ്മീഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ് എംപി ഡോല സെൻ നൽകിയ ഹർജിക്ക് മറുപടി പറയുകയായിരുന്നു കമ്മീഷൻ.

വോട്ടർ പട്ടിക പരിഷ്കരണം ഭരണഘടനാപരവും കൃത്യമായി നടക്കേണ്ടതുമായ പ്രക്രിയയാണ്. നഗരവൽക്കരണം കാരണം ആളുകൾ കൂട്ടമായി താമസം മാറുന്ന സാഹചര്യത്തിൽ, കൃത്യമായ വോട്ടർ പട്ടിക തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കില്ലന്നും കമ്മീഷൻ പറഞ്ഞു.

ഇതുവരെ 99.77 ശതമാനം വോട്ടർമാർക്ക് ഫോമുകൾ ലഭിച്ചു, അതിൽ 70.14 ശതമാനം പേർ പൂരിപ്പിച്ച് തിരികെ നൽകിയിട്ടുണ്ട്. വോട്ടർമാരെ സഹായിക്കാൻ, ഉദ്യോഗസ്ഥർ വീടുകൾ തോറും കയറി ഇറങ്ങി ഫോമുകൾ വിതരണം ചെയ്യുന്നുണ്ട്. വീട് പൂട്ടിക്കിടക്കുകയാണെങ്കിൽ മൂന്ന് നോട്ടീസുകൾ വരെ നൽകും. പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ടില്ലാതെ വോട്ട് ചേർക്കാൻ എല്ലാ സഹായവും നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഈ ഹർജിയിൽ സുപ്രീം കോടതി ഡിസംബർ 9ന് വീണ്ടും വാദം കേൾക്കും. അതേസമയം, എസ്ഐആർ എന്നത് അണികളെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കാനും, ബിജെപിക്ക് അധികാരം നേടാനുമുള്ള ശ്രമമാണെന്നാണ് തൃണമൂൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top