SV Motors SV Motors

അഞ്ചു വയസ്സുകാരിയുടെ കൊലപാതകം: പ്രതി അസ്ഫാക് ആലത്തെ റിമാന്‍ഡ് ചെയ്തു

കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തിങ്കളാഴ്ച പോക്സോ കോടതി അപേക്ഷ പരിഗണിക്കും. പോക്സോ വകുപ്പ്, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, തെളിവു നശിപ്പിക്കൽ അടക്കം ഒന്‍പത് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, ക്രൂരപീഢനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് നാട് വേദനയോടെ വിട നല്‍കി. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്കൂളില്‍ രണ്ടുമണിക്കൂറോളം പൊതുദർശനത്തിനുവെച്ചശേഷം വിലാപയാത്രയായി മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തിൽ എത്തിച്ച് സംസ്കരിച്ചു. കുട്ടിയുടെ അധ്യാപകരും സഹപാഠികളും ഉള്‍പ്പടെയുള്ള ജനാവലി അന്ത്യാഞ്ജലി അർപ്പിച്ചു.

ആലുവ തായിക്കാട്ടുകര ഗാരിജിന് സമീപം താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളാണ് കൊല്ലപ്പെട്ട കുട്ടി. ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമത്തെയാളാണ് അഞ്ചുവയസ്സുകാരി. വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്. തുടർന്ന് രാത്രി ഏഴുമണിയോടെ മാതാപിതാക്കള്‍ ആലുവ ഈസ്റ്റ് പൊലീസില്‍ പരാതിപ്പെട്ടു. തുടർന്ന് 24 മണിക്കൂറോളം നാടാകെ കുട്ടിയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും, ശനിയാഴ്ച രാവിലെ 11.45ന് ആലുവ മാർക്കറ്റ് പരിസരത്ത് പെരിയാറിന്റെ തീരത്തോട് ചേർന്ന് അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം.

വെള്ളിയാഴ്ച രാത്രിയോടെ തന്നെ കസ്റ്റഡിയിലായിരുന്ന പ്രതി അസഫാക് ആലം മൃതദേഹം കണ്ടെത്തിയതിന് ശേഷമാണ് കുറ്റസമ്മതം നടത്തിയത്. കസ്റ്റഡിലെടുക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന പ്രതി രാവിലെയാണ് ചോദ്യം ചെയ്യലിനോട് പ്രതികരിച്ചത്. ആദ്യം കുട്ടിയെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നായിരുന്നു പ്രതിയുടെ മൊഴി. തുടർന്ന് കുട്ടിയുമായി റെയില്‍വേ ഗേറ്റ് സമീപത്ത് കൂടെ നടന്നുപോകുന്നതിന്റെ ദൃശങ്ങളുമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. തുടർന്ന് കുട്ടിയെ ഇടനിലക്കാരന്‍ വഴി മറ്റൊരാള്‍ക്ക് കെെമാറിയെന്നും പ്രതി അവകാശപ്പെട്ടിരുന്നു. ഇതിനിടെ പ്രതി അസ്ഫാക് കുട്ടിയുമായി മാർക്കറ്റിനകത്തേക്ക് പോകുന്നത് മാർക്കറ്റിലെ ചുമട്ടുതൊഴിലാളികള്‍ കണ്ടിരുന്നു. ഇവർ നല്‍കിയ വിവരവും പ്രതിയിലേക്ക് എത്താന്‍ നിർണ്ണായക തെളിവായി. വെള്ളിയാഴ്ച വെെകിട്ട് മൂന്നുമണിയോടെ മിഠായി നല്‍കാമെന്ന് പറഞ്ഞാണ് കുട്ടിയെ പ്രതി താമസസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top