ട്രംപിന്റെ ‘തീരുവ പഞ്ചിൻ്റെ’ ആഘാതം കേരളത്തിനും; തിരിച്ചടി പലവഴിക്ക് വരുമെന്ന് ആശങ്ക

ഇന്ത്യയ്ക്ക് എതിരായ അമേരിക്കയുടെ തീരുവ പ്രഹരത്തില്‍ ആഘാതം ഏൽക്കുന്നത് കേരളത്തിനും. അല്ലെങ്കില്‍ തന്നെ പണമില്ലാതെ വിഷമിക്കുമ്പോഴാണ് ട്രംപിന്റെ പകരചുങ്ക പ്രഹരവും. പൊതുവേ കഷ്ടത്തിലായ കേരളത്തിന്റെ കാര്‍ഷികമേഖലയെ ഇത് തകര്‍ത്ത് തരിപ്പണമാക്കും. മാത്രമല്ല, തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലും വല്ലാത്ത പ്രതിസന്ധിയാകും ഇതുണ്ടാക്കുക. അതേസമയം രൂപയ്‌ക്കെതിരെ ഡോളറിന്റെ മൂല്യം ഉയരുന്നത് കേരളത്തിന് അല്‍പ്പം ആശ്വാസമായേക്കും.
Also Read: മോദിക്ക് ‘ഡിയർ ഫ്രണ്ടിന്റെ’ ഭീഷണി; ബ്രിക്സിൽ തുടർന്നാൽ വലിയ വില കൊടുക്കേണ്ടി വരും
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് 50% നികുതിയാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. നരേന്ദ്രമോദി ട്രംപിനെ സ്വന്തം സുഹൃത്തായൊക്കെ ചിത്രീകരിച്ചെങ്കിലും അതൊന്നും തെല്ലും പരിഗണിക്കാതെ തനിസ്വഭാവം അവർ പുറത്തെടുത്തപ്പോള്‍ പഴയതുപോലെ ഇന്ത്യ, യുഎസിന്റെ ശത്രുപക്ഷത്തും പാക്കിസ്ഥാന്‍ മിത്രപക്ഷത്തുമായി. അത് രാഷ്ട്രീയമായി ഉണ്ടായ പ്രശ്‌നമാണെങ്കില്‍ അതിനേക്കാളെറെ സാമ്പത്തികമായി ഇന്ത്യയെ തകര്‍ക്കുന്നതാണ് ഈ നീക്കം. ഇത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് തന്നെ പറയാം. അത് രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വലിയ ഇടിവ് ഉണ്ടാക്കുമെന്ന വിലയിരുത്തലുകളും വന്നുകഴിഞ്ഞു.
Also Read: രണ്ടാം വരവിൽ ട്രംപ് ഫ്രണ്ടല്ലാതായോ!! ലോകനേതാക്കൾക്ക് ഇടയില്‍ മോദിയുടെ നടപടി ചർച്ചയാവുന്നു
ഇത് ഏറെ ബാധിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളവും മാറും. നമ്മുടെ തോട്ടവിളകളായ ചായ, റബ്ബര്‍, കാപ്പി, ഏലം എന്നിവയെല്ലാം യുഎസിലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഏതാണ്ട് 5700 കോടിയുടെ ഇടപാടാണ് ഒരുവര്‍ഷം നടക്കുന്നത് എന്നാണ് കണക്കുകള്‍. ഇനി ഇവയൊക്കെ ഇല്ലാതാകും. ഇത് ഉണ്ടാക്കുന്ന ആഘാതം ചെറുതാകില്ല. കേരളത്തിൻ്റെ തോട്ടവിളകൾ വല്ലാത്ത പ്രതിസന്ധി നേരിടുന്ന കാലമാണിത്. ഒരുകാലത്ത് നമ്മുടെ കുത്തകയായിരുന്ന റബ്ബറും സുന്ധവ്യജ്ഞനങ്ങളും ഒക്കെ വിയറ്റ്‌നാമും മറ്റും കൃഷിചെയ്ത് തുടങ്ങിയതോടെ നമ്മുടെ സാധ്യത മങ്ങി, അത് കാര്‍ഷികമേഖലയെ ബാധിച്ചിട്ടുണ്ട്. അതിനൊപ്പം ട്രംപിന്റെ ഈ പഞ്ചുകൂടിയായപ്പോള്‍ പ്രശ്‌നം ഗുരുതരമാകും.
കര്‍ഷകരെ മാത്രമല്ല, കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയേയും ഇത് ബാധിക്കും. ഇപ്പോള്‍ തന്നെ ഉപരോധത്തിന് സമാനമായ കേന്ദ്രനടപടികള്‍ മൂലം കേരളം പ്രതിസന്ധിയിലാണ്. അതിനൊപ്പം പ്രതിവര്‍ഷം 5700 കോടിയുടെ കയറ്റുമതി കൂടി ഇല്ലാതാകുന്നത് ഉണ്ടാക്കുന്ന ആഘാതം ചില്ലറയാകില്ല. ഇതിന് പുറമെ മറ്റ് ഉല്‍പ്പന്നങ്ങളും വിളകളും കയറ്റുമതി ചെയ്യുന്നവയില്‍ ഉള്‍പ്പെടുന്നുണ്ട്. അവ ജിഎസ്ഡിപിയില്‍ സൃഷ്ടിക്കുന്ന കുറവ് മറുഭാഗത്തുമുണ്ട്. ഇനി വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ് വര്‍ഷങ്ങളാണ്. തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാനും കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ നെട്ടോട്ടം ഓടുകയാണ്. ഈ സമയത്ത് ഇത്തരം ആഘാതം വളരെ വലുതാകും.
അതേസമയം ട്രംപിന്റെ തീരുമാനത്തോടെ രൂപയ്ക്ക് മുകളില്‍ ഡോളര്‍ കരുത്ത് നേടുന്നത് ഈ കാര്‍മേഘങ്ങള്‍ക്കിടയില്‍ ചെറു പ്രകാശം പോലെ പ്രതീക്ഷ നല്‍കുന്നുമുണ്ട്. ഡോളറിന്റെ മൂല്യം കുതിച്ചുകയറി വൈകാതെ 90 രൂപയില്‍ എത്തുമെന്ന് കരുതപ്പെടുന്നു. അങ്ങനെ വന്നാൽ ഡോളറില്‍ ശമ്പളം ലഭിക്കുന്നവര്‍ക്ക് നേട്ടമാകും. ഡോളറിന്റെ മൂല്യം ഉയരുന്നതിന് അനുസരിച്ച് അവര്‍ വാങ്ങുന്ന ശമ്പളം രൂപയില്‍ കണക്കാക്കുമ്പോള്‍ വര്‍ദ്ധനയുണ്ടാകും. അത് വിദേശനാണ്യവരുമാനത്തില്‍ പ്രകടമാകും. എന്നാല്‍ കയറ്റുമതി കാര്യത്തിൽ ഉണ്ടാകുന്ന നഷ്ടത്തിന് ആനുപാതികമായി ഒന്നും അതുണ്ടാകില്ല എന്നാണ് കണക്കുകൂട്ടൽ. ചുരുക്കത്തില്‍ ട്രംപ് അടിച്ച അടി ഏറ്റത് ഇന്ത്യയ്ക്കാണെങ്കിലും തകരുന്നത് കേരളത്തിൻ്റെ നട്ടെല്ലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here