ആരോഗ്യവകുപ്പിന്റെ പ്രോജക്ട് അമേരിക്കന്‍ ജേര്‍ണലില്‍; മുഖ്യമന്ത്രി അവിടെ ചികിത്സയിലുണ്ടല്ലോ എന്ന് പരിഹാസം

കേരളത്തിന്റെ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസ്. ‘When policy makers have your back: The Kerala experience with state wide antimicrobial resistance mitigation efforts’ എന്ന് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് കെയര്‍ എപിഡമോളജിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സാണ് ഇതിന്റെ പ്രസാധകര്‍.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം രോഗാണുക്കള്‍ മരുന്നിന് മേല്‍ ആര്‍ജിക്കുന്ന പ്രതിരോധമാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്. ഇതിനെതിരെ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും വിവരിക്കുന്നതാണ് ലേഖനം. പ്രത്യേകിച്ച് സര്‍ക്കാരിന്റെ നയവും നിലപാടും എങ്ങനെ ഈ പ്രവര്‍ത്തനങ്ങളെ സാധ്യമാക്കുന്നു എന്നതാണ് ലേഖനത്തില്‍ പ്രതിപാദിക്കുന്നതെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
കേരളത്തിന് ഇത് അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നു എന്നതിന്റെ അടയാളമായി കൂടി ഇതിനെ കാണുന്നു. ആരോഗ്യ വകുപ്പിന്റെ വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പുകളെല്ലാം ക്രോഡീകരിച്ച് ഒരു ആര്‍ട്ടിക്കിള്‍ പ്രമുഖ അന്താരാഷ്ട്ര ജേണലില്‍ വരുന്നത് അഭിമാന നിമിഷമാണെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്റെ വീഴ്ചകളില്‍ കേരളത്തില്‍ വലിയ വിമര്‍ശനവും പ്രതിഷേധങ്ങളും നടക്കുന്നതിനിടയിലാണ് അമേരിക്കന്‍ ജേര്‍ണലില്‍ ലേഖനം എന്ന വിവരം പുറത്ത് വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ തന്നെ ചികിത്സയിലുണ്ടല്ലോ എന്ന ചോദ്യമാണ് സൈബര്‍ ഇടങ്ങളില്‍ ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here