താലിബാൻ മന്ത്രി ഇന്ത്യയിലേക്ക്; ഉപരോധം മറികടക്കുന്നത് ഉപാധികളോടെ

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിലെ ‘വിദേശകാര്യ മന്ത്രി’ അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യയിലേക്ക്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തതിനുശേഷം ആദ്യമായാണ് ഒരു ഉന്നതതല മന്ത്രിതല പ്രതിനിധി സംഘം ഇന്ത്യയിലേക്ക് വരുന്നത്. ഈ സന്ദർശനത്തോടെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്. മുത്തഖിക്ക് ഒക്ടോബർ 9നും 16നും ഇടയിൽ ഡൽഹി സന്ദർശിക്കുന്നതിന് അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ താൽക്കാലിക ഇളവ് അനുവദിച്ചതായി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി സ്ഥിരീകരിച്ചു.
Also Read : താലിബാൻ റഷ്യ ഭായ് ഭായ്; താലിബാനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ
അന്താരാഷ്ട്ര തലത്തിൽ ഭീകര ബന്ധത്തിന്റെ പേരിൽ ഉപരോധം നേരിടുന്ന താലിബാൻ നേതാവാണ് മുത്തഖി. അദ്ദേഹത്തിന് വിദേശയാത്രകൾ നടത്തുന്നതിന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഉപരോധ സമിതിയുടെ (UN Sanctions Committee) പ്രത്യേക ഇളവ് ആവശ്യമാണ്. ഓഗസ്റ്റിൽ പാകിസ്ഥാൻ സന്ദർശിക്കാൻ മുത്തഖി ശ്രമിച്ചിരുന്നെങ്കിലും യു.എൻ. സമിതിയിൽ അമേരിക്ക ഇളവ് തടഞ്ഞതിനെ തുടർന്ന് ആ യാത്ര റദ്ദാക്കിയിരുന്നു. എന്നാൽ, സെപ്റ്റംബർ 30-ന് യു.എൻ. സമിതി മുത്തഖിക്ക് താൽക്കാലിക യാത്രാ ഇളവ് അനുവദിച്ചതോടെയാണ് ഇന്ത്യാ സന്ദർശനത്തിനുള്ള വഴി തുറക്കുന്നത്.
ഉപാധികളോടെയാണ് യാത്രാ ഇളവ്. അപേക്ഷിച്ച ആവശ്യത്തിന് വേണ്ടി മാത്രമേ ചർച്ചകൾ നടത്താവു. യാത്രാ ഇളവിന്റെ കാലാവധി അവസാനിച്ചാലുടൻ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിപ്പോയിരിക്കണം. ഈ ഇളവ് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. തുടങ്ങിയവയാണ് ഉപാധി. താലിബാനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ചൈനയും പാകിസ്ഥാനും ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ ഈ നീക്കം. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിൽ (CPEC) അഫ്ഗാനിസ്ഥാനെ ഉപയോഗിച്ച് ഇന്ത്യക്ക് ഇടപെടൽ നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Also Read : താലിബാനുമായി ഇന്ത്യയുടെ ഔദ്യോഗിക ചർച്ച; ചാബഹാർ തുറമുഖത്തില്‍ ധാരണയില്‍ എത്താന്‍ ശ്രമം
മുത്തഖിയുടെ സന്ദർശനത്തിൽ ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്റെ ഉപയോഗം ചർച്ചാവിഷയമാകാൻ സാധ്യതയുണ്ട്. ഇന്ത്യക്ക് തുറമുഖം ഉപയോഗിക്കാൻ നൽകിയിരുന്ന ഇളവ് അടുത്തിടെ അമേരിക്ക പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിൽ, ചബഹാറിനെക്കുറിച്ചുള്ള ചർച്ചകൾ നിർണ്ണായകമാണ്. ചൈനയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാരുമായി മുത്തഖി കാബൂളിൽ വെച്ച് ത്രിരാഷ്ട്ര ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യാ സന്ദർശനം.
താലിബാൻ ഭരണകൂടത്തിന് ഇന്ത്യ ഔദ്യോഗിക അംഗീകാരം (De Jure Recognition) നൽകിയിട്ടില്ല. എന്നിരുന്നാലും, ഭരണതലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥനെ സ്വീകരിക്കുന്നു എന്നത്, താലിബാനെ അംഗീകാരമില്ലാതെ തന്നെ അഫ്ഗാൻ ജനതയുമായി നീതിപൂർവ്വമായ ബന്ധം നിലനിർത്തുന്ന ഇന്ത്യയുടെ നയതന്ത്ര സമീപനത്തെയാണ് വെളിപ്പെടുത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here