ശബരിമലയിലെ സ്വത്ത് കാക്കാൻ കഴിയാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല; സർക്കാരിനെതിരെ അമിത് ഷാ

ശബരിമലയിലെ സ്വർണ്ണം കാണാതായ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേസിൽ നിഷ്പക്ഷമായ ഒരന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ബിജെപിയുടെ തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെ സംഗമവും ‘മിഷൻ 2026’ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേസിലെ എഫ്.ഐ.ആർ താൻ കണ്ടുവെന്നും, പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് അത് തയ്യാറാക്കിയിരിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. എൽ.ഡി.എഫുമായി ബന്ധമുള്ള ആളുകൾ സംശയനിഴലിലായിരിക്കെ എങ്ങനെയാണ് നിഷ്പക്ഷമായ അന്വേഷണം സാധ്യമാകുകയെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിലെ സ്വർണ്ണ മോഷണം കേരളത്തിലെ ജനങ്ങളുടെ മാത്രം പ്രശ്നമല്ല, മറിച്ച് രാജ്യമൊട്ടാകെയുള്ള ഭക്തരുടെ ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ കഴിയാത്തവർക്ക് ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read : മോദിക്ക് മുന്നേ അമിത് ഷാ എത്തും ബിജിപി മേയറെ കാണാന്‍; ആ പ്രഖ്യാപനവും നടത്തും
കേസിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന് തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതുകൊണ്ട് തന്നെ യു.ഡി.എഫിനും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കേസ് നിഷ്പക്ഷ ഏജൻസിക്ക് കൈമാറാൻ മുഖ്യമന്ത്രി തയ്യാറാകണം. ഇതിനായി ബിജെപി ശക്തമായ പ്രക്ഷോഭങ്ങളും വീടുവീടാന്തരമുള്ള ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ ബിജെപിയുടെ വിജയസാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കമ്മ്യൂണിസം ലോകമെമ്പാടും അവസാനിച്ചുവെന്നും കോൺഗ്രസ് ഇന്ത്യയിലുടനീളം തകർന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ വികസനം ബിജെപി സർക്കാരിലൂടെ മാത്രമേ സാധ്യമാകൂ എന്നും, 2026-ൽ താമര ചിഹ്നത്തിൽ ഒരു മുഖ്യമന്ത്രി കേരളത്തിൽ അധികാരമേൽക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here