102 ഡിഗ്രി പനിയിലും തളരാതെ അമിത് ഷാ; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടി; അഭിനന്ദിച്ച് പ്രധാനമന്ത്രി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് മോഷണ’ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകിയിരുന്നു. എന്നാൽ, 61 വയസ്സുകാരനായ അദ്ദേഹം കടുത്ത പനിയെ അവഗണിച്ചാണ് ലോക്‌സഭയിൽ സർക്കാരിന് വേണ്ടി സംസാരിച്ചത് എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
രാവിലെ എഴുന്നേറ്റപ്പോൾ മന്ത്രിയ്ക്ക് 102 ഡിഗ്രി പനിയുണ്ടായിരുന്നു. സഭ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കുകയും പനി കുറയ്ക്കുന്നതിനുള്ള മരുന്നുകൾ നൽകുകയും ചെയ്തിരുന്നു. ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിലൂടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയും, വോട്ട് മോഷണം, എസ്ഐആർ, തിരഞ്ഞെടുപ്പ് കമ്മീഷനിലെ നിയമനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളെയും തീപ്പൊരി പോലെയാണ് മറുപടി നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അമിത് ഷായുടെ പ്രസംഗത്തെ “അതിഗംഭീരം” എന്ന് പ്രശംസിച്ചിരുന്നു, കൂടാതെ കൃത്യമായ വസ്തുതകൾ അവതരിപ്പിക്കുകയും തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള നുണകളെ തുറന്നുകാട്ടുകയും ചെയ്തെന്നും പറഞ്ഞു. നേരത്തെ, രാഹുൽ ഗാന്ധി ‘വോട്ട് മോഷണത്തെ’ ‘ഹൈഡ്രജൻ ബോംബ്’ എന്നാണ് വിശേഷിപ്പിച്ചത്. ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ ആരോപണങ്ങൾ പ്രചരിപ്പിക്കാൻ റാലി നടത്തുകയും ചെയ്തിരുന്നു. കൂടാതെ പാർലമെന്റിലും ഈ വിഷയം ഉന്നയിച്ചു.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് ചർച്ചയ്ക്ക് രാഹുൽ ഗാന്ധി വെല്ലുവിളിച്ചപ്പോൾ, എന്ത് പറയണമെന്ന് താൻ തീരുമാനിക്കുമെന്നാണ് അമിത് ഷാ തിരിച്ചടിച്ചത്. വോട്ടേഴ്സ് ലിസ്റ്റിൽ ക്രമക്കേടുണ്ടെന്ന് ആരോപിക്കുകയും അതേസമയം SIRനെ എതിർക്കുകയും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് അദ്ദേഹം തുറന്നുകാട്ടുകയും ചെയ്തു.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നില്ല എന്ന് കാണിക്കാൻ മാത്രമാണ് SIRനെക്കുറിച്ച് പാർലമെന്റിൽ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here