കേസുകളിൽ കുരുങ്ങി മലയാള സിനിമ ലോകം; മോഹൻലാൽ കളം ഒഴിഞ്ഞതോടെ ‘അമ്മ’യിൽ തമ്മിൽ തല്ല്

താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവാദങ്ങളും മുറുകുകയാണ്. അമ്മ സംഘടനയിലെ വനിതാ അംഗങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയ മെമ്മറി കാർഡുമായി ബന്ധപ്പെട്ടുള്ളതാണ് പുതിയ വിവാദം. മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങൾക്ക് അവരുടെ പ്രശ്‌നങ്ങൾ തുറന്നുപറയാനായി ഒരു യോഗം വിളിച്ചത്. അംഗങ്ങൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്യുകയുമുണ്ടായി. കുക്കു പരമേശ്വരനാണ് വിവരങ്ങൾ റെക്കോഡ് ചെയ്ത മെമ്മറി കാർഡ് കൈകാര്യം ചെയ്തത് എന്നാണ് ആരോപണം. അത് വീണ്ടെടുക്കണമെന്ന് കാട്ടി അമ്മയിലെ ഒരു വിഭാഗം വനിതാ അംഗങ്ങൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കുപരമേശ്വരനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതാണ് അവസാന സംഭവം.
അതേ സമയം സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുക്കുപരമേശ്വരൻ ഡിജിപിയ്ക്ക് പരാതി നൽകി. മെമ്മറി കാർഡിന്റെ പേരിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായാണ് കുക്കു പരമേശ്വരൻ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്. മെമ്മറി കാർഡുമായി തനിക്ക് ഒരു ബന്ധവുമില്ല. അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുന്നു. താൻ കടുത്ത സൈബർ ആക്രമണം നേരിടുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാനാണ് ശ്രമമെന്നും കുക്കു നൽകിയ പരാതിയിൽ പറയുന്നു.
പൊന്നമ്മ ബാബു, ഉഷാ ഹസീന തുടങ്ങിയ അമ്മയിലെ അംഗങ്ങൾക്കെതിരെയാണ് പരാതി. അതേസമയം നടിമാരുടെ ദുരനുഭവങ്ങൾ റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് എവിടെയെന്നറിയണം, കുക്കു പരമേശ്വരൻ മറുപടി നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് വിഷയത്തിൽ നടി ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മി പ്രിയ തുടങ്ങിയവർ അമ്മയ്ക്ക് പരാതി നൽകി.
ഇതിനിടെ നിർമ്മാതാക്കളുടെ സംഘടനയിലും തമ്മിൽ തല്ല് രൂക്ഷമാണ്. സാന്ദ്ര തോമസിനെതിരെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നൽകിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. എറണാകുളം സബ് കോടതി മുൻപാകെ ലിസ്റ്റിൻ സ്റ്റീഫൻ 2 കോടി രൂപനഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ മറ്റൊരു അപകീർത്തി കേസിൽ സാന്ദ്ര തോമസിന് കോടതി സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here