‘അമ്മ’ തിരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിന്മാറുന്നു; ശ്വേതാ മേനോന് സാധ്യത

അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാൻ ഒരുങ്ങി ജഗദീഷ്. ഇത് സംബന്ധിച്ച മോഹൻലാലും മമ്മൂട്ടിയുമായി സംസാരിച്ചു എന്നും ഇവരുടെ അനുമതി കിട്ടിയാൽ ഉടൻതന്നെ പിന്മാറുമെന്നും ജഗദീഷ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരണം എന്നാണ് ആഗ്രഹം. ഈ സാഹചര്യത്തിലാണ് പിന്മാറുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നു വിവാദമായതോടെ മോഹൻലാൽ ഒഴിയുകയും ഭാരവാഹികൾ ഒന്നടങ്കം രാജിവയ്ക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജഗദീഷ് ഉൾപ്പടെ ആറുപേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചത്. ജഗദീഷിനു പുറമെ ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് പത്രിക നൽകിയത്. വനിതാ പ്രസിഡന്റ് എന്ന നിർദ്ദേശം വന്നതോടെ ശ്വേതാ മേനോന് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.
ബാബുരാജ്, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. ഒരാൾക്ക് ഒരു സ്ഥാനത്തേക്കു മാത്രമേ മത്സരിക്കാൻ സാധിക്കൂ. അതുകൊണ്ടു തന്നെ ഒന്നിലധികം സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയവർ അന്തിമ സ്ഥാനാർത്ഥി പട്ടിക വരുന്നതിനു മുൻപായി പിൻവലിക്കണം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞാൽ മത്സരചിത്രം മാറും എന്നും ജഗദീഷ് പറഞ്ഞു. അമ്മയുടെ തെരഞ്ഞെടുപ്പ് എന്നാൽ യുദ്ധമോ പോരാട്ടമോ അല്ലെന്നും അമ്മയുടെ മക്കൾ തമ്മിലുള്ള ആരോഗ്യപരമായ മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 31നാണ് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here