ആശങ്കയായി അമീബിക് മസ്തിഷ്‌കജ്വരം; അടുത്ത ദിവസങ്ങളില്‍ നാല് മരണം; 11പേര്‍ ചികിത്സയില്‍

രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം മരണ സംഖ്യയും ഉയരുന്നതിനാല്‍ അമീബിക് മസ്തിഷ്‌കജ്വരം വലിയ ആശങ്കയായി മാറുകയാണ്. ഇന്നും സംസ്ഥാനത്ത് ഒരു മരണം റിപ്പോര്‍ട്ടു ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. 11 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് അടുത്തിടെ ഉണ്ടാകുന്ന നാലാമത്തെ മരണമാണ് വയനാട് സ്വദേശിയുടേത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല, കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയ തുടങ്ങിയവരാണ് അടുത്ത ദിവസങ്ങളില്‍ മരണത്തിന് കീഴടങ്ങിയത്. വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി കണ്ടുവരാറുള്ള രോഗമായിരുന്നു അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പലതിന്റേയും സ്രോതസ് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് വലിയ പ്രതിസന്ധിയാവുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here