അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ കാരണം തേടി പഠനം; ഒടുവില്‍ ആരോഗ്യവകുപ്പിന്റെ ഇടപെടല്‍

സംസ്ഥാനത്ത് പിടിവിട്ട് പടരുന്ന അമീബിക്ക് മസ്തിഷ്‌ക ജ്വരത്തില്‍ ഒടുവില്‍ പഠനം തുടങ്ങി ആരോഗ്യവകുപ്പ്. രോഗം ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ ആരോഗ്യ വകുപ്പും ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ(ഐ.സി.എം.ആര്‍.) വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനം ആരംഭിച്ചു. കോഴിക്കോടാണ് ഫീല്‍ഡുതല പഠനം തുടങ്ങിയിരിക്കുന്നത.് വരും ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.
ആഗോള തലത്തില്‍ 99 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാല്‍ കേരളത്തില്‍ രോഗം നിര്‍ണയവും വിദഗ്ധ ചികിത്സയും മരണ നിരക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിലെ മരണ നിരക്ക് 24 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചത് നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ മികവ് തന്നെയാണ്. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും മൈക്രോബയോളജി വിഭാഗത്തില്‍ അമീബ കണ്ടെത്താനുള്ള സംവിധാനമുണ്ട്. ഇതനുസരിച്ച് ചികിത്സ തുടങ്ങാനാകും. അമീബ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് ഏത് അമീബയാണെന്ന് കണ്ടെത്താനുള്ള സ്പീഷീസ് ഐഡന്റിഫിക്കേഷനും മോളിക്യുലാര്‍ സങ്കേതത്തിലൂടെ അമീബയുടെ രോഗ സ്ഥിരീകരണവും നടത്താനുള്ള സംവിധാനം തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
എന്നാല്‍ രോഗത്തിന്റെ ഉറവിടം നിര്‍ണയിക്കാന്‍ പലപ്പോഴും സാധിക്കാതെ വരുന്നത് വലിയ വീഴ്ചയാണ്. ചുരുക്കം കേസുകളില്‍ മാത്രമാണ് കൃത്യമായ ഉറവിടം കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരേ ഉറവിടത്തില്‍ നിന്ന് കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന സ്ഥതിയും ഉണ്ടായിട്ടുണ്ട്. പഠനം നടത്തും എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പലതവണ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴാണ് നടപ്പായത്. അതുവരേയും ശില്പശാലയും യോഗങ്ങളുമായി പഠനം ഒതുങ്ങി.
അമീബിക്ക് മസ്തിഷ്‌കജ്വരം – പ്രതിരോധ മാര്‍ഗങ്ങള്‍
· നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.
· നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക.
· ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ സൂക്ഷിക്കുക.
· ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.
· നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷന്‍ ചെയ്ത്, ശരിയായ രീതിയില്‍ പരിപാലിക്കണം.
· സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.
· തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ മൂക്കില്‍ ഒഴിക്കരുത്.
· ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/ മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.
· ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക
· പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.
· ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോള്‍ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.
· പ്രതിരോധ ശേഷി കുറഞ്ഞ രോഗികള്‍ ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് മാത്രമേ വ്രണങ്ങള്‍ കഴുകി വൃത്തിയാക്കാന്‍ പാടുള്ളൂ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here