9 വയസുകാരിയുടെ മരണത്തിന് പിന്നാലെ സഹോദരനും രോഗബാധ; അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിമുറുക്കുന്നു

സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഇന്ന് കോഴിക്കോടാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ച താമരശ്ശേരി സ്വദേശിയായ 9 വയസുകാരിയുടെ സഹോദരനാണ് രോഗബാധ. ഇന്ന് നടത്തിയ പരിശോധനയിലാണ് ഏഴ് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചത്. 9 വയസുകാരി കുളിച്ച അതേ കുളത്തിൽ നിന്നാണ് ഈ കുട്ടിയും കുളിച്ചത്.
താമരശ്ശേരി സ്വദേശി സനൂപിന്റെ മകളായ 9 വയസ്സുകാരി അനയ മരിച്ചത് കഴിഞ്ഞ ആഴ്ചയാണ്. മരണകാരണം മസ്‌തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തുകയും ചെയ്തു. അനയയുടെ സഹോദരങ്ങളും മൂന്നാഴ്ച മുമ്പ് സമീപത്തെ കുളത്തിൽ നിന്നും നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളത്തിൽ നിന്നാണ് രോഗം പകർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ 11 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കടുത്ത പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതോടെ കുട്ടിയുടെ സ്രവം കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചു. തുടർന്നാണ് അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് കണ്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here