ജീവനൊടുക്കിയ പ്രവർത്തകനെ തള്ളി ബിജെപി; വിഭ്രാന്തിയെന്ന് ഗോപാലകൃഷ്ണൻ; ശിവസേനക്കാരനെന്ന് സുരേഷ്

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയെ കൈയൊഴിഞ്ഞ് ബിജെപി നേതൃത്വം. വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടർന്നാണ് ആനന്ദ് ജീവനൊടുക്കിയതെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്നും ബന്ധപ്പെട്ട വിഷയങ്ങൾ സംഘടനാപരമായി നേരിടുമെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
ആനന്ദ് ഒരു കാലഘട്ടത്തിലും ബിജെപി പ്രവർത്തകനായിരുന്നില്ലെന്നും യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാർട്ടിയെ വലിച്ചിഴയ്ക്കരുതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജനാധിപത്യപരമായി ഏറ്റവും മാതൃകാപരമായ രീതിയിലാണ് ബിജെപി സ്ഥാനാർഥി നിർണ്ണയം നടത്തിയത് ഒരു ഘട്ടത്തിലും ആനന്ദിന്റെ പേര് ഉയർന്നുവന്നിട്ടില്ലെന്നും സുരേഷ് വ്യക്തമാക്കി. പിണറായി വിജയൻ ഉൾപ്പെടുന്ന ഇന്ത്യ മുന്നണിയുടെ ഭാഗമായ ശിവസേനയുടെ ഉദ്ധവ് താക്കറെ പക്ഷത്തിലെ അംഗമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്ന ആളാണ് ആനന്ദ് എന്നും സുരേഷ് ആരോപിച്ചു.
ഇലക്ഷൻ അടുത്തുവരുന്ന സാഹചര്യത്തിൽ ആനന്ദിന്റെ മരണത്തിന് പാർട്ടിയുമായി ഒരു ബന്ധമില്ല എന്ന് കാട്ടി പ്രശ്നത്തിൽ നിന്നും തടിയൂരാനുള്ള ശ്രമത്തിലാണ് ബിജെപി. നേതാക്കൾ സംഘടനയെ സംരക്ഷിക്കാനുള്ള അശ്രാന്ത പരിശ്രമങ്ങൾ നടത്തുമ്പോഴും ആനന്ദും സംഘടനയുമായുള്ള ബന്ധങ്ങൾ തെളിയിക്കുന്ന തെളിവുകൾ പുറത്തുവരുന്നത് നേതൃത്വത്തെ കൂടുതൽ കുരുക്കിലാക്കുകയാണ്.
ബിജെപി നേതൃത്വത്തിനെതിരെയുള്ള ആനന്ദിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. സുഹൃത്തുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഇതിന് പുറമെ ആനന്ദ് സജീവ സംഘപരിപാർ പ്രവർത്തകനാണെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here