‘എയ്ഞ്ചൽ ചക്മയുടെ മരണം വെറുമൊരു കൊലപാതകമല്ല’, പോലീസിന്റെ വാദങ്ങൾ തെറ്റ്;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഡെറാഡൂണിൽ മരിച്ച ത്രിപുര സ്വദേശിയായ വിദ്യാർത്ഥി എയ്ഞ്ചൽ ചക്മയുടെ കേസിൽ ഉത്തരാഖണ്ഡ് പോലീസിന്റെ വാദങ്ങൾ തള്ളി കുടുംബം രംഗത്ത്. ഈ കേസിൽ വംശീയ വിവേചനം നടന്നിട്ടില്ലെന്ന പോലീസിന്റെ കണ്ടെത്തൽ തെറ്റാണെന്ന് അഞ്ചലിന്റെ അമ്മാവൻ മോമെൻ ചക്മ ആരോപിച്ചു.
മോമോ, ചൈനീസ്, ചിങ്കി എന്നിങ്ങനെയുള്ള വംശീയ പേരുകൾ വിളിച്ച് അധിക്ഷേപിച്ചുവെന്ന് എഫ്ഐആറിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് മോമെൻ ചക്മ പറഞ്ഞു. പോലീസ് ഈ കേസ് മനപ്പൂർവ്വം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരാഖണ്ഡ് പോലീസ് കൃത്യമായ നടപടി എടുക്കുന്നില്ലെങ്കിൽ കേസ് സിബിഐക്കോ സിഐഡിക്കോ കൈമാറണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
എയ്ഞ്ചൽ ചക്മയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഉത്തരാഖണ്ഡ് പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ ആക്രമണത്തിന് പിന്നിൽ വംശീയമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ തമ്മിലുള്ള സംസാരത്തിനിടയിലെ ചില പരാമർശങ്ങൾ എയ്ഞ്ചലും സഹോദരനും തെറ്റിദ്ധരിച്ചതാണെന്ന് പോലീസ് അവകാശപ്പെടുന്നു. വംശീയമായ ആക്രമണം നടന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എസ്എസ്പി അജയ് സിംഗ് അറിയിച്ചു.
ഡെറാഡൂണിൽ എംബിഎ അവസാന വർഷ വിദ്യാർത്ഥിയായിരുന്ന എയ്ഞ്ചൽ ചക്മ, ഡിസംബർ 26നാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് ഒരു സംഘം ആളുകൾ അഞ്ചലിനേയും സഹോദരനെയും ‘ചൈനക്കാർ’ എന്ന് വിളിച്ച് അധിക്ഷേപിച്ചു. ഇന്ത്യക്കാരാണെന്ന് എയ്ഞ്ചൽ മറുപടി നൽകിയതോടെ സംഘം ഇവരെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here