പന്ത്രണ്ട് വയസ്സുകാരിയുടെ മരണകാരണം പേവിഷബാധയോ? അയൽവീട്ടിലെ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അങ്കമാലി ചുള്ളി സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരി ജെനീറ്റ കഴിഞ്ഞ ശനിയാഴ്ച്ചയാണ് പനി ബാധിച്ച് മരിച്ചത്. കുട്ടി മരിച്ച അതേദിവസം തന്നെയാണ് അയൽവീട്ടിലെ നായയും ചത്തത്. ഇപ്പോൾ ആ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മാത്രമല്ല കുട്ടിയുടെ വീട്ടിലെ നായയും രണ്ടാഴ്ച്ച മുൻപ് ചത്തിരുന്നു. അതുകൊണ്ടു തന്നെ കുട്ടിയുടെ മരണം പേവിഷബാധമൂലമാണോ എന്ന സംശയമാണ് ഉയരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കടുത്ത പനിയെ തുടർന്ന് കുട്ടിയെ ചുള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ഡോക്ടർമാർ വൈറൽ പനിക്കുള്ള മരുന്നും നൽകിയിരുന്നു. എന്നാൽ ശനിയാഴ്ച്ച പുലർച്ചയോടെ കുട്ടിക്ക് കടുത്ത ചുമ അനുഭവപ്പെടുകയും പിന്നീട് അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. യാത്രമധ്യേ കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ജെനീറ്റയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. സാമ്പിളുകള്‍ തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ മരണത്തിനു ശേഷമാണു കുഴിച്ചിട്ട നായയുടെ ജഡം പുറത്തെടുത്ത് വെറ്ററിനറി സര്‍വകലാശാലയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇതിനു പിന്നാലെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കൽ സംഘം കഴിഞ്ഞ ദിവസവും പ്രദേശത്തു പരിശോധന നടത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here